ചൈനയിലെ പുതിയ വൈറസ്​ വ്യാപനം: ആശങ്ക വേണ്ടെന്ന്​​ അധികൃതർ

എച്ച്​എംപിവി​ കേസ്​ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ ഹെൽത്ത്​ സർവീസസ് ഡയറക്ടർ​ ജനറൽ അതുൽ ഗോയൽ

Update: 2025-01-03 15:04 GMT

ന്യൂഡൽഹി: ചൈനയില്‍ ആശങ്ക പരത്തുന്ന പകര്‍ച്ചവ്യാധിയായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസിനെക്കുറിച്ച്​ (എച്ച്എംപിവി) ആ​ശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ​ ഹെൽത്ത്​ സർവീസസ് ഡയറക്ടർ​ ജനറൽ അതുൽ ഗോയൽ വ്യക്​തമാക്കി. ശ്വാസകോശ സംബന്ധ അസുഖമായ എച്ച്​എംപിവി​ കേസ്​ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

എച്ച്​എംപിവിയും മറ്റേതൊരു വൈറസിനെപ്പോലെയുള്ളതാണ്​. ജലദോഷത്തിന്​ കാരണമാകുന്ന സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്​നമാണിതെന്നും ഗോയൽ വ്യക്​തമാക്കി.

Advertising
Advertising

ഇത്തരം രോഗങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ നാഷനൽ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ (എൻസിഡിസി) നിരീക്ഷിച്ചുവരികയാണെന്ന്​ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്​ എഎൻഐ റിപ്പോർട്ട്​ ചെയ്​തിരുന്നു. എച്ച്എംപിവി പകരുന്നത്​ ചൈന ഇതുവരെ ഔദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്താരാഷ്​ട്ര ഏജൻസികളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ എൻസിഡിസി വ്യക്​തമാക്കി.

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപന വാർത്തകൾ വരുന്നത്​. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം വൈറസ് ബാധയും ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. അതേസമയം ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല. ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടില്ല.

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, സ്ഥലമോ തീയതിയോ വ്യക്തമല്ല.

മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ''ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്'' -പോസ്റ്റില്‍ പറയുന്നു.

അതേസമയം, ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News