ഹിന്ദു യുവതിയോടൊപ്പം ഭക്ഷണം കഴിച്ചു; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍, കേസ്
20ലേറെ പേര്‍ വരുന്ന ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം
ലഖ്‌നൗ: ഹിന്ദു യുവതിയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം. മഹ്തബ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വഴിയരികിലെ ഒരു ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മഹ്തബും സുഹൃത്തായ യുവതിയും. ഇതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ഏതാനും പേര്‍ ചേര്‍ന്ന് ഇരുവരോടും പേരും വിലാസവും പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു മഹ്തബിനെ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച യുവതിക്കും മര്‍ദനമേറ്റു.
20ലേറെ പേര്‍ വരുന്ന ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പൊലീസ് എത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 'നീ ഒരു ഹിന്ദുവായിട്ടും എന്തിനാണ് മുസ്‌ലിമിന്റെ കൂടെ ചുറ്റിക്കറങ്ങുന്നത്' എന്നാണ് അക്രമികള്‍ തന്നോട് ചോദിച്ചതെന്ന് യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ഗൗരവ് ശര്‍മ, കുശല്‍വീര്‍, ശുഭം, പ്രശാന്ത് ശര്‍മ, ലോകേഷ് സൈനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.