മൂന്ന് ഇന്ത്യക്കാരടക്കം 78 പേരെ പൊലീസ് കടലിൽ തള്ളിയെന്ന് ബംഗ്ലാദേശ്; വാർത്ത നിഷേധിച്ച് ഗുജറാത്ത് പൊലീസ്

അനധികൃതമായി കടന്നുകയറിയ അഭയാർത്ഥികളെ നിയമപരമായ കേസുകൾ ഫയൽ ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ തിരിച്ചയയ്ക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പറഞ്ഞു

Update: 2025-05-18 07:55 GMT

ന്യൂഡൽഹി: മൂന്ന് ഇന്ത്യക്കാരടക്കം 78 പേരടങ്ങുന്ന സംഘത്തെ ഗുജറാത്ത് പൊലീസ് ബംഗ്ലാദേശ് അതിർത്തിയിലുള്ള കടലിൽ തള്ളിയെന്ന് ദേശീയ മാധ്യമങ്ങൾ. ബംഗ്ലാദേശ് സത്ഖിര പട്ടണത്തിലെ പൊലീസ്റിപ്പോർട്ട് ഉദ്ധരിച്ചാണ് Scroll.in, ഇന്ത്യൻ എക്സപ്രസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിതിരിക്കുന്നത്.

ബംഗ്ലാദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരും തീരസംരക്ഷണ സേനയും ചേർന്ന് സത്ഖിരയിലെ സുന്ദർബൻസിലെ മന്ദർബേറിയ പ്രദേശത്ത് നിന്ന് 78 പേരെ കണ്ടെത്തിയതായി ബംഗ്ലാദേശിലെ ശ്യാംനഗർ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഹുമയൂൺ കബീർ പറഞ്ഞു. രക്ഷപെടുത്തിയവരിൽ രേഖകളില്ലാത്ത മൂന്ന് ഇന്ത്യക്കാരുമുണ്ടെന്ന് ബംഗ്ലാദേശ് പൊലീസ്. ഗുജറാത്തിലെ നെഹ്‌റുനഗറിൽ നിന്നുള്ള 20 വയസുള്ള അബ്ദുർ റഹ്മാൻ, 24 വയസുള്ള മുഹമ്മദ് ഹസൻ ഷാ, 19 വയസുള്ള സൈഫുൾ ഷെയ്ഖ് എന്നീ ഇന്ത്യക്കാരാണ് അറസ്റ്റിലായ​തെന്ന് ബംഗ്ലാദേശ് അവകാശപ്പെടുന്നു.

Advertising
Advertising

1952 ലെ പ്രവേശന നിയന്ത്രണ നിയമത്തിലെ സെക്ഷൻ 4 പ്രകാരം ബംഗ്ലാദേശിൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുത്ത് വെള്ളത്തിൽ തള്ളിയെന്ന വാർത്ത ഗുജറാത്ത് പൊലീസ് നിഷേധിച്ചു. ശരിയായ നടപടിക്രമം എല്ലായ്പ്പോഴും പാലിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് നഗരത്തിലെ ജോയിന്റ് പൊലീസ് കമ്മീഷണർ ശരദ് സിംഗാൾ പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. 'ജനുവരിയിൽ 31 ബംഗ്ലാദേശികളെയും ഏപ്രിലിൽ 46 പേരെയും ഞങ്ങൾ ബംഗ്ലാദശിന് കൈമാറി.' സിംഗാൾ പറഞ്ഞു. 75 ബംഗ്ലാദേശികളെ അവരുടെ ബന്ധുക്കളുടെ അടുത്തേക്ക് അയച്ചതായി ബംഗ്ലാദേശി പൊലീസ് ഓഫീസർ ഇൻ-ചാർജ് കബീർ പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 ന് പുലർച്ചെ നാലോടെ അഹമ്മദാബാദിലെ ചന്ദോള പ്രദേശത്ത് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും അഹമ്മദാബാദിലും സൂറത്തിലുമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെന്ന് ആരോപിക്കപ്പെടുന്ന 1,024 പേരെ കസ്റ്റഡിയിലെടുത്തതായും ദി ഇന്ത്യൻ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത പലരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ബുൾഡോസറുകൾ ഉപയോഗിച്ച് അവരുടെ വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്തതായി മെയ് 6 ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) അവകാശപ്പെട്ടത് പ്രകാരം വീടുകളും കടകളും ഉൾപ്പെടെ 4,000 ത്തോളം കെട്ടിടങ്ങൾ തകർത്തു. ഏപ്രിൽ 29 ന്, മുനിസിപ്പൽ കോർപ്പറേഷന്റെ 74 ബുൾഡോസറുകൾ 200 ട്രക്കുകളുടെ സഹായത്തോടെ 1.5 ലക്ഷം ചതുരശ്ര മീറ്റർ ഭൂമി വെട്ടിത്തെളിച്ചു. മൂന്ന് ദിവസത്തെ പൊളിച്ചുമാറ്റൽ നടപടികൾ അവസാനിപ്പിച്ചതിന് ശേഷം പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുത്ത 890 പേരിൽ 200 പേർ മാത്രമേ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ഡിസിപി അജിത് രാജിയാൻ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ബംഗ്ലാദേശ് പൊലീസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്​ക്രോൾ പുറത്തുവിട്ട വാർത്തയിൽ പറയുന്നതിങ്ങനെയാണ്:

'കസ്റ്റഡിയിലെടുത്തവരെ അഹമ്മദാബാദിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി അവിടെ തടങ്കലിൽ വച്ചു. ശേഷം സംഘത്തെ ഒരു ദിവസത്തേക്ക് ജയിലിലേക്ക് മാറ്റി. മറ്റൊരു ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലും പാർപ്പിച്ചു. പിന്നീട് ഇവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി കൈകൾ കെട്ടി സൈനിക വിമാനത്തിൽ കൊണ്ടുപോയി. ലാൻഡിംഗിന് 15 മിനിറ്റ് മുമ്പ് അവരുടെ കണ്ണുകൾ മൂടിക്കെട്ടി. ഇറങ്ങിയ ശേഷം അവരെ ബസ് വഴി ഒരു കപ്പലിലേക്ക് കൊണ്ടുപോയി അവിടെ മൂന്ന് രാത്രിയും മൂന്ന് പകലും കൈകളും കണ്ണുകളും കെട്ടിയിട്ട നിലയിൽ തടഞ്ഞുവച്ചു. കപ്പലിൽ അവരുടെ നിതംബത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അലുമിനിയം പൈപ്പുകളും വയറുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഒരു കഷണം ബ്രെഡ്, ഒരു പാക്കറ്റ് ബിസ്‌ക്കറ്റ്, ഒരു കുപ്പി വെള്ളം എന്നിവ ഭക്ഷണമായി ദിവസവും നൽകി. തുടർന്ന് ലൈഫ് ജാക്കറ്റുകൾ നൽകുകയും ബോട്ടുകളിലേക്ക് മാറ്റുകയും ചെയ്തു. മെയ് 8 ന് രാത്രി, വേലിയേറ്റ സമയത്ത് അവരുടെ കൈകളുടെയും കണ്ണുകളുടെയും കെട്ടഴിച്ച് സ്പീഡ് ബോട്ടുകളിൽ നിന്ന് അവരെ കടലിലേക്ക് ഇറക്കിവിട്ടു. കരയിലേക്ക് നീന്തി രക്ഷപ്പെട്ട ആളുകളെ പുലർച്ചെ കാടിനടുത്തുവെച്ച് ബംഗ്ലാദേശ് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ബംഗ്ലാദേശി തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട് മെയ് 9 ന് വൈകുന്നേരം 7 മണിക്ക് തീരദേശ സംരക്ഷണ സംഘം ഈ സംഘത്തെ മോംഗ്ലയിലുള്ള അവരുടെ യൂണിറ്റിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെടുത്തവരിൽ റോഹിംഗ്യകളും ബംഗ്ലാ സംസാരിക്കുന്നവരും ഉൾപ്പെടുന്നു'.

ബംഗ്ലാദേശ് ചില വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഒരു മുതിർന്ന ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി സ്ക്രോൾ റിപ്പോർട്ട്. എന്നാൽ എത്രപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടില്ല. ചിലർ അസമിലെ മാട്ടിയ തടങ്കൽ കേന്ദ്രത്തിൽ നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കടന്നുകയറിയ റോഹിംഗ്യൻ അഭയാർത്ഥികളെയുൾപ്പെടെയുള്ളവരെ നിയമപരമായ കേസുകൾ ഫയൽ ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ തിരിച്ചയയ്ക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പറഞ്ഞു. ന്യൂഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളും സ്ത്രീകളും പ്രായമായവരുമടങ്ങുന്ന 43 റോഹിംഗ്യൻ അഭയാർത്ഥികളെ ഇന്ത്യൻ അധികൃതർ മ്യാൻമറുമായുള്ള സമുദ്രാതിർത്തിക്ക് സമീപമുള്ള കടലിൽ ഇറക്കിവിട്ടതായി നേരത്തെ മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. റോഹിംഗ്യൻ സമൂഹത്തിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി നടക്കുമെന്ന് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ മെയ് 8 ന് സുപ്രിം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News