ഗ്രാമത്തിലെ ഭൂരിഭാഗം പേരും മതം മാറി; രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളി ക്ഷേത്രമായി, പാസ്റ്റര്‍ പൂജാരിയും

ഞായറാഴ്ച വന്‍ പൊലീസ് സുരക്ഷയിലാണ് ചടങ്ങുകള്‍ നടത്തിയതെങ്കിലും സമാധാനപരമായാണ് അവസാനിച്ചത്

Update: 2025-03-10 05:15 GMT
Editor : Jaisy Thomas | By : Web Desk

ജയ്പൂര്‍: രാജസ്ഥാനിലെ ഗോത്ര വര്‍ഗ ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദു മതം സ്വീകരിച്ചതോടെ ചര്‍ച്ച് ക്ഷേത്രമാക്കി മാറ്റി. ഇതോടെ പാസ്റ്റര്‍ പൂജാരിയുമായി. ബൻസ്വര ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയുള്ള സോദ്‌ലദുധ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വന്‍ പൊലീസ് സുരക്ഷയിലാണ് ചടങ്ങുകള്‍ നടത്തിയതെങ്കിലും സമാധാനപരമായാണ് അവസാനിച്ചത്.

മൂന്ന് വര്‍ഷം പഴക്കമുള്ള പള്ളിയാണ് ക്ഷേത്രമാക്കി മാറ്റിയത്. പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഗരാസിയയുടേത് ഉള്‍പ്പെടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പാണ് ഇവര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഇതില്‍ 30 കുടുംബങ്ങളാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വമനസാലെയാണ് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ സ്വന്തം ഭൂമിയിൽ നിര്‍മിച്ച പള്ളിയാണിത്.

Advertising
Advertising

ഇവിടെ ഇപ്പോൾ ഭൈരവ മൂര്‍ത്തിയാണ് പ്രതിഷ്ഠ. ശ്രീരാമന്‍റെ ഒരു ചിത്രവും ഒരു കസേരയിൽ വച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയത്. പള്ളിക്ക് കാവി നിറം നല്‍കുകയും കുരിശിനു പകരം ഹിന്ദു ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ മതിലില്‍ വരച്ചു ചേര്‍ക്കുകയും ചെയ്തു. ഗ്രാമത്തെ സംരക്ഷിക്കുന്ന ഒരു കാവൽ ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികൾ വിശദീകരിച്ചു.

ഞായറാഴ്ച പ്രാര്‍ഥനകള്‍ക്കു പകരം ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്നു ഗരാസിയ പറഞ്ഞു. ഹാളിന്‍റെ മേൽക്കൂരയുടെ ആകൃതിയിൽ മാറ്റം വരുത്തുമെന്നും വ്യക്തമാക്കി. "എന്‍റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ ഏകദേശം ഒന്നര വർഷം മുമ്പ് ഞാൻ ഒരു ഘർ വാപസി നടത്തി. ഇപ്പോൾ എന്‍റെ മതത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്," ഗൗതം ഫ്രീ പ്രസ് ജേര്‍ണലിനോട് പറഞ്ഞു. തന്നെ പിന്തുടർന്ന് 45 പേർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായും ഇപ്പോൾ അവരിൽ 30 പേർ വീണ്ടും ഹിന്ദുമതം സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷം മുൻപാണ് ഗരാസിയ ക്രിസ്തുമതം സ്വീകരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സോദാലദൂധയിൽ ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ വ്യക്തി ഗൗതം ആണെന്നാണ് റിപ്പോർട്ട്. താമസിയാതെ ആ പ്രദേശത്ത് ക്രിസ്ത്യാനികളുടെ എണ്ണ വര്‍ധിച്ചു. കാലക്രമേണ ഗരാസിയ പാസ്റ്റര്‍ ആവുകയായിരുന്നു. അദ്ദേഹം തന്‍റെ കുടിലിൽ ഞായറാഴ്ച പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുമായിരുന്നു. പിന്നീട് വിവിധ സംഘടനകളുടെ സാമ്പത്തിക സഹായത്താൽ പള്ളി പണിയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിരവധി ഗ്രാമീണര്‍ ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ ഈയിടെ ഗൗതമും അദ്ദേഹത്തിന്‍റെ രണ്ട് ആൺമക്കളും അവരുടെ കുടുംബങ്ങളും മറ്റ് ബന്ധുക്കളും ഹിന്ദുമതത്തിലേക്ക് മടങ്ങിയിരുന്നു. ഗൗതമിന്‍റെ ഭാര്യ ഇതുവരെ ഹിന്ദുമതം സ്വീകരിച്ചിട്ടില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News