ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് വീണ്ടും വരുന്നത്: എഞ്ചിനീയർ റാഷിദ്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് ഒക്ടോബർ രണ്ട് വരെ റാഷിദിന് ജാമ്യം അനുവദിച്ചത്.

Update: 2024-09-11 14:37 GMT

ന്യൂഡൽഹി: എൻഐഎ കോടതി ഇടക്കാല ജാമ്യം അനുവദിച്ച ബാരാമുല്ല എംപി എഞ്ചിനീയർ റാഷിദ് ജയിൽമോചിതനായി. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാണ് ഒക്ടോബർ രണ്ട് വരെ റാഷിദിന് ജാമ്യം അനുവദിച്ചത്. ജനങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്ന് തിഹാർ ജയിലിന് പുറത്ത് മാധ്യമങ്ങളെ കണ്ട റാഷിദ് പറഞ്ഞു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് ആരോപിച്ചാണ് ശൈഖ് അബ്ദുൽ റാഷിദ് എന്ന എഞ്ചിനീയർ റാഷിദിനെ 2017ൽ എൻഐഎ അറസ്റ്റ് ചെയ്തത്. 2019 മുതൽ അദ്ദേഹം തിഹാർ ജയിലിലാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെ പരാജയപ്പെടുത്തിയാണ് എഞ്ചിനീയർ റാഷിദ് പാർലമെന്റ് അംഗമായത്. റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

Advertising
Advertising

''അഞ്ചര വർഷമായി ഞാൻ ജയിലിലായിരുന്നു. എന്റെ ജനങ്ങൾക്കായി പോരാടാൻ ഞാൻ ബാധ്യസ്ഥനാണ്. ജനങ്ങളെ ഒരുമിപ്പിക്കാനാണ് തിരിച്ചുവന്നത്. കശ്മീരിൽ ശാശ്വത സമാധാനം കൊണ്ടുവരാനും കശ്മീരികൾ കല്ലെറിയുന്നവരല്ലെന്ന് തെളിയിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ, ഒരിക്കലും ഞങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾ അടിയറവെക്കില്ല''- എഞ്ചിനീയർ റാഷിദ് പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് റാഷിദിന് ജാമ്യം നൽകിയതെന്നും അവരെ സേവിക്കാനല്ലെന്നും ഉമർ അബ്ദുല്ല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയാണ് എന്നായിരുന്നു പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ ആരോപണം. ഇതിനെ പിന്തുണച്ച് ഉമർ അബ്ദുല്ലയും രംഗത്തെത്തി. പലരുടെയും മനസ്സിലുള്ള കാര്യമാണ് മെഹബൂബ തുറന്നുപറഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉമർ അബ്ദുല്ലയും മെഹബൂബയും കശ്മീരിനെ തകർത്തവരാണ് എന്നായിരുന്നു ഇതിനോട് റാഷിദിന്റെ പ്രതികരണം. 2008ലും 2014ലും റാഷിദ് ലാംഗേറ്റ് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കശ്മീർ മേഖലയിലെ 47 മണ്ഡലങ്ങളിലും ജമ്മു മേഖലയിൽ ഏതാനും സീറ്റുകളിലും മത്സരിക്കാനാണ് അവാമി ഇത്തിഹാദ് പാർട്ടിയുടെ തീരുമാനം.

മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു പോർമുഖം തുറന്നാണ് റാഷിദിന്റെ രംഗപ്രവേശം. നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ്, ബിജെപി തുടങ്ങിയ പ്രമുഖ പാർട്ടികളോടെല്ലാം നേരിട്ട് ഏറ്റുമുട്ടാനാണ് അവാമി ഇത്തിഹാദ് പാർട്ടിയുടെ തീരുമാനം. ആരുമായും ഇതുവരെ സഖ്യ ചർച്ചകൾക്ക് റാഷിദ് തയ്യാറായിട്ടില്ല. കശ്മീരിന്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റാലികൾക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തനായ ഉമർ അബ്ദുല്ലയെ തോൽപ്പിക്കാനായത് എഐപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News