യുകെയിൽ പഠിക്കാനായി പോയ മകളെ കാണാതായി; ഫുഡ് ഡെലിവറി ആപ്പ് ലൊക്കേഷൻ കാണിച്ചത് പൂണെയിൽ; ചെന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം
ഒക്ടോബര്‍ 23 വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മുഗ്ധ താന്‍ യുകെ വിട്ട കാര്യം മറച്ചുവെച്ചു
പൂണെ: പൂണെയിലെ ഛത്രപതി സംഭാജിനഗര്‍ സ്വദേശിയായ മുപ്പത്തിനാലുകാരി മുഗ്ധ ദേശ്മുഖ് 2025 ജൂലൈയിലാണ് എംബിഎ പഠിക്കാന്‍ യുകെയിലേക്ക് പോയത്. ലണ്ടനില്‍ ഒറ്റയ്ക്കായിരുന്നു താമസം. പഠനത്തിനൊപ്പം പാര്‍ട് ടൈം ജോലികളും മുഗ്ധ ചെയ്തിരുന്നു. ഫോണ്‍ കോളുകളിലൂടെയും വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയുമാണ് മുഗ്ധ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. അവള്‍ ലണ്ടനില്‍ സുഖമായി ജീവിക്കുകയാണെന്ന് കുടുംബം വിശ്വസിച്ചു.
ഒക്ടോബര്‍ 23ന് മുഗ്ധ അമ്മയോട് സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനുണ്ടെന്നും അല്‍പ്പം തിരക്കിലാണെന്നും അവള്‍ പറഞ്ഞു. ഒക്ടോബര്‍ 24നും വീട്ടുകാര്‍ മുഗ്ധയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പതിവിന് വിപരീതമായി അവര്‍ക്ക് അവളെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്നും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് മുഗ്ധയുടെ പിതാവ് അവിനാശ് ദേശ്മുഖ് പറഞ്ഞു. ആശങ്കാകുലരായ വീട്ടുകാര്‍ ഉടനെ ഛത്രപതി സംഭാജിനഗര്‍ പൊലീസില്‍ പരാതി നല്‍കി.
ലണ്ടനിലുള്ള സുഹൃത്ത് നികിതയെയും വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ 22നാണ് അവസാനമായി മുഗ്ധയുമായി ചാറ്റ് ചെയ്തതെന്ന് നികിത പറഞ്ഞു. മുഗ്ധയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വന്നതോടെ നികിത ലണ്ടന്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ലണ്ടൻ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി അറിഞ്ഞു.
രണ്ട് മാസമായി മുഗ്ധ ലണ്ടനിലുണ്ടായിരുന്നില്ലെന്നത് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പുതിയ അറിവായിരുന്നു. ഒക്ടോബര്‍ അവസാന ആഴ്ച വരെ അവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മുഗ്ധ താന്‍ യുകെ വിട്ട കാര്യം മറച്ചുവെച്ചു. യുകെയില്‍ നിന്ന് മുഗ്ധ എവിടേക്ക് പോയി എന്നത് ഇതോടെ വീട്ടുകാരുടെ മുമ്പില്‍ ചോദ്യചിഹ്നമായി.
കുടുംബം സഹായത്തിനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയടക്കം സമീപിച്ചു. മുഗ്ധ ഇന്ത്യയിലേക്കാണോ അതോ മറ്റേതെങ്കിലും രാജ്യത്തേക്കാണോ പോയതെന്ന് ഉറപ്പിക്കണമായിരുന്നു.
ഈ സമയം മുഗ്ധയുടെ പിതാവ് അവിനാശ് ദേശ്മുഖ് അവളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചു. ഒക്ടോബര്‍ 8നും 25നും ഇടയില്‍ നിരവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ മുഗ്ധ നടത്തിയതായി കണ്ടെത്തി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ സേവനങ്ങള്‍, ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ 'ബ്ലിങ്കിറ്റ്', ടിക്കറ്റിങ് സര്‍വീസ് 'ബുക്ക് മൈഷോ', യാത്രാ കമ്പനിയായ 'മേക്ക് മൈ ട്രിപ്പ്' എന്നിവയിലെല്ലാം മുഗ്ധ ഇടപാടുകള്‍ നടത്തിയിരുന്നു.
ഓണ്‍ലൈനിലൂടെ നിരവധി തവണ മുഗ്ധ ഭക്ഷണം വാങ്ങിയതായി രേഖകളിലുണ്ടായിരുന്നു. അതില്‍ ഒരു തവണ സൊമാറ്റോയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗഹുഞ്ചെ പ്രദേശത്തെ ലോധ ബെല്‍മോണ്ടോ സൊസൈറ്റിയിലെ വിലാസമാണ് നല്‍കിയിരുന്നത്. ഇതോടെ മുഗ്ധ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് പൊലീസും കുടുംബവും ഉറപ്പിച്ചു.
ഒക്ടോബര്‍ 29 വ്യാഴാഴ്ച, പിംപ്രി ചിഞ്ച്വാഡിലെ ഷിര്‍ഗാവ് പൊലീസിന്റെ സഹായത്തോടെ ഛത്രപതി സംഭാജിനഗര്‍ പൊലീസ് ലോധ ബെല്‍മോണ്ടോ സമുച്ചയത്തില്‍ എത്തി. ഒരു ഫ്‌ളാറ്റായിരുന്നു അത്. ഫ്‌ളാറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. പൊലീസ് മറ്റൊരു താക്കോല്‍ വാങ്ങി വാതില്‍ തുറന്നു. അകത്തുകടന്ന പൊലീസ് കണ്ടത് അഴുകിയ നിലയിലുള്ള മുഗ്ധയുടെ മൃതദേഹമാണ്.
ഏപ്രില്‍ മാസത്തിലാണ് മുഗ്ധ അപ്പാര്‍ട്‌മെന്റ് വാടകയ്‌ക്കെടുത്തത്. ആഗസ്റ്റില്‍ തിരിച്ചെത്തിയതിന് ശേഷം അവര്‍ നേരെ ഇവിടെ വന്ന് താമസിക്കുകയായിരുന്നു. ഇതിനിടെ എംബിഎ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മൃതദേഹത്തില്‍ ദൃശ്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ആന്തരീകാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.