ചെറിയ അപകടം, പക വീട്ടാനായി ദമ്പതികൾ കാറിൽ പിന്തുടർന്നത് രണ്ട് കിലോമീറ്റർ, ഒടുവിൽ, ബൈക്ക് ഇടിച്ചുവീഴ്ത്തി യുവാവിനെ കൊലപ്പെടുത്തി
അപകട സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ദമ്പതികൾ, അൽപ സമയം കഴിഞ്ഞ് മാസ്‌ക് ധരിച്ച് തിരിച്ചെത്തി തകർന്ന് വീണ കാറിന്റെ ഭാഗങ്ങളെടുത്ത് മടങ്ങുകയും ചെയ്തു.
അറസ്റ്റിലായ ആരതി ശര്‍മ്മ- അപകടത്തിന്റെ ദൃശ്യം-അറസ്റ്റിലായ മനോജ് Photo-NDTV
ബംഗളൂരു: ചെറിയ വാഹനാപകടത്തെച്ചൊല്ലിയുള്ള തർക്കം എത്തിയത് ഒരാളുടെ കൊലപാതകത്തില്‍. ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 25ന് നഗരത്തിലെ പുട്ടനഹള്ളി പ്രദേശത്താണ് ദാരുണായ കൊലപാതകം നടന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ദർശനും സുഹൃത്ത് വരുണും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ മനോജ് കുമാറും ശർമ്മയും സഞ്ചരിച്ച കാറിൽ തട്ടുകയും കാറിന്റെ സെെഡ് മിറര്‍ പൊട്ടുകയും ചെയ്തു. ഇതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായതായി പറയപ്പെടുന്നുണ്ട്. ശേഷം ദർശനും സുഹൃത്തും ബൈക്ക് എടുത്ത് പോകുകയും ചെയ്തു. എന്നാൽ ഇതിന്റെ പകയും കൊണ്ട്, രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന മനോജ് കുമാറും ഭാര്യയും ബൈക്കിനെ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശൻ റോഡില്‍ വീണു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. സുഹൃത്ത് വരുണിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കാർ ഇടിച്ചുവീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചുവീഴ്ത്തണം എന്ന ലക്ഷ്യത്തോടെയാണ് ദമ്പതികള്‍ ബൈക്കിന് പുറകെ വിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ആദ്യം അവസരം ഒത്തെങ്കിലും നടന്നില്ല. പിന്നീട് യൂ ടേൺ എടുത്ത് വന്നാണ് ബൈക്കിന് പുറകില്‍ ഇടിച്ചത്. ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ദമ്പതികൾ, അൽപ സമയം കഴിഞ്ഞ് മാസ്‌ക് ധരിച്ച് തിരിച്ചെത്തി തകർന്ന് വീണ കാറിന്റെ ഭാഗങ്ങളെടുത്ത് മടങ്ങുകയും ചെയ്തു.
അപകട മരണം എന്ന നിലയ്ക്കാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കൊലപാതകം എന്ന് തെളിഞ്ഞത്. കുമാറിനും ശർമ്മയ്ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഞെട്ടിക്കുന്ന കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.