ഉദ്ഘാടനം കഴിഞ്ഞിട്ട് വെറും 100 ദിവസം; തകർന്ന് ​​ഗു​ഹയായി കർണാടകയിലെ അണ്ടർപാസ് റോഡ്

19.5 കോടി രൂപ ചെലവഴിച്ച് 281 മീറ്റർ നീളത്തിലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അണ്ടർ‍പാസ് നിർമിച്ചത്.

Update: 2022-10-09 16:21 GMT
Advertising

ബെം​ഗളൂരു: ഉദ്ഘാടനം കഴി‍ഞ്ഞ് മൂന്നര മാസം മാത്രം പിന്നിട്ട അണ്ടർപാസ് റോഡ് തകർന്ന് ​ഗുഹയായി. ബെം​ഗളൂരുവിലെ കുണ്ഡനഹള്ളി അടിപ്പാതയാണ് കേവലം മാസങ്ങൾ പിന്നിട്ടതോടെ തകർ‍ന്ന് ഭീമൻ ​കുഴിയായി മാറിയത്. ഞായറാഴ്ചയാണ് നിർമാണത്തിലെ അപാകത വ്യക്തമാക്കുന്ന സംഭവം.

പ്രഖ്യാപനം നടന്ന് നിർമാണം തുടങ്ങി ഏറെ വൈകി, കഴിഞ്ഞ ജൂൺ 20ന് ഉദ്ഘാടനം ചെയ്ത അടിപ്പാതയ്ക്കാണ് കേവലം 111 ദിവസങ്ങൾ‍ക്കു ശേഷം ദുർ​ഗതി വന്നത്. സംഭവം വിവാദമായതോടെ ബൃഹത് ബെം​ഗളൂരു മഹാന​ഗര പാലികെ അധികൃതർ സ്ഥലത്തെത്തി റോഡ് നന്നാക്കാനുള്ള ശ്രമത്തിലാണ്.

ബെംഗളൂരു കുന്ദലഹള്ളി ജങ്ഷനിലെ അണ്ടർപാസ് ഐ.ടി ഹബ്ബിലേക്കുള്ള ഒരു പ്രധാന കണ്ണിയാണ്. 19.5 കോടി രൂപ ചെലവഴിച്ച് 281 മീറ്റർ നീളത്തിലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അണ്ടർ‍പാസ് നിർമിച്ചത്. അടിപ്പാതയുടെ ഇരുവശങ്ങളിലും 7.5 മീറ്റർ വീതിയുള്ള സർവീസ് റോഡും ഉൾക്കൊള്ളുന്നു.

റോഡ് തകർന്നതിൽ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷമായ കോൺ​ഗ്രസ് രം​ഗത്തെത്തി. അടിപ്പാത തകർന്നത് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ 40 ശതമാനം കമ്മീഷൻ പോളിസിയുടെ ഉദാഹരണമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

സർക്കാരിന്റെ ക്രമക്കേടുകൾക്കെതിരെ പ്രചാരണം നടത്തിവരുന്ന കോൺഗ്രസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

വൈറ്റ്ഫീൽഡിലേക്കും മഹാദേവപുരയിലേക്കും കിഴക്കൻ ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങളിലേക്കും പോകുന്നവർക്ക് ആശ്വാസമായ അടിപ്പാത 2019 മുതൽ ഏഴ് സമയപരിധികളും കഴി‍ഞ്ഞതിനു ശേഷമാണ് നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുടെ ഇഴച്ചിൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ‍ക്ക് ഇടയാക്കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News