ഭാരത് സീരീസില്‍ എങ്ങനെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷനായ ബി.എച്ച് സീരീസിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുകയാണ്

Update: 2021-08-28 11:17 GMT
Editor : Roshin | By : Web Desk

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷനായ ബി.എച്ച് സീരീസിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുകയാണ്. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. ബി.എച്ച് സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.


1. നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും.

Advertising
Advertising

2. ബി.എച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ള റോഡ് ടാക്സ് അടക്കേണ്ടതാണ്. അതല്ലെങ്കില്‍ നാല്, ആറ്, എട്ട് വര്‍ഷങ്ങള്‍ക്ക് റോഡ് ടാക്സ് അടക്കാം.

3. 10 ലക്ഷത്തില്‍ താഴെ വില വരുന്ന വാഹനങ്ങള്‍ക്ക് എട്ട് ശതമാനവും 10 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ് വരിക. ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കൂടുതലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം കുറവും റോഡ് ടാക്സിലുണ്ടാകും.

4. 2021ലെ സെന്‍റട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ എന്നുകൂടി പേരുള്ള ഭാരത് സീരീസ് 2021 സെപ്തംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ക്രമേണ ഇതിന്‍റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

5. YY BH #### XX എന്ന ഫോര്‍മാറ്റിലായിരിക്കും ബി.എച്ച് സീരീസ് വാഹനങ്ങളുടെ നമ്പര്‍ വരിക. ആദ്യം രജിസ്റ്റര്‍ ചെയ്ത വര്‍ഷമാണ് YY കൊണ്ട് ഉദ്ധേശിക്കുന്നത്. BH എന്നത് ഭാരത് സീരീസിനെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് നാല് നമ്പരുകള്‍. ശേഷമുള്ള XX രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളെ സൂചിപ്പിക്കുന്നു.

സംസ്ഥാനാന്തര ട്രാന്‍സ്ഫര്‍ ലഭിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനകരമാവുക. നിലവില്‍ ഇവര്‍ ഓരോ തവണ ട്രാന്‍സ്ഫര്‍ കിട്ടുമ്പോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. മോട്ടോര്‍വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. വാഹന രജിസ്ട്രേഷനെ സംബന്ധിച്ചുള്ള ഇത്തരം നൂലാമാലകള്‍ക്ക് വിരാമമിടാന്‍ ബി.എച്ച് സീരീസ് സഹായകമാകും. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News