യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ്

യോഗി ആദിത്യനാഥ് അടുത്ത നിയമസഭയിലുണ്ടാവരുതെന്നും ആ ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നും ആസാദ്

Update: 2022-01-20 08:31 GMT

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിടാന്‍ പോകുന്ന ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഗൊരഖ്പൂരില്‍ യോഗിയുടെ എതിരാളി.

യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടർച്ചയായി യോഗി ലോക്സഭയിലെത്തിയത് ഗൊരഖ്പൂരിൽ നിന്നാണ്. ഇത്തവണ നിയമസഭയിലേക്ക് യോഗി ആദിത്യനാഥ് അയോധ്യയിൽ​ നിന്നോ മഥുരയിൽ നിന്നോ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാൽ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂർ തന്നെ യോഗി തെരഞ്ഞെടുത്തു.

Advertising
Advertising

34കാരനായ ചന്ദ്രശേഖര്‍ ആസാദും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ നിന്ന് മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദലിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ താന്‍ പിന്മാറുകയാണെന്നും എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണക്കുമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കുകയായിരുന്നു. യോഗി ആദിത്യനാഥ് അടുത്ത നിയമസഭയിലുണ്ടാവരുതെന്നും ആ ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നും ആസാദ് വ്യക്തമാക്കി.

1989 മുതല്‍ ബി.ജെ.പി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍. 2017ല്‍ 60,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി രാധാമോഹന്‍ ദാസ് അഗര്‍വാള്‍ ഇവിടെ ജയിച്ചത്. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ മാറ്റമുണ്ടാക്കാന്‍ ആസാദിനു കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ സമാജ്‍വാദി പാര്‍ട്ടിയുമായി ആസാദ് സഖ്യ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തില്‍ എത്തിയില്ല.

ഏഴ് ഘട്ടങ്ങളായാണ് യു.പി തെ​രഞ്ഞെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News