ഭീമ കൊറേഗാവ് കേസ്; ഹാനി ബാബു ഇന്ന് ജയിൽ മോചിതനായേക്കും
ഡൽഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഹാനി ബാബുവിന് 1955 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഹാനി ബാബു ഇന്ന് ജയിൽ മോചിതനായേക്കും. അഞ്ച് വർഷത്തിന് ശേഷമാണ് മോചിതനാകുന്നത്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ് ഹാനി ബാബു ഉള്ളത്. ബോംബെ ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രിംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയാണ്.
ഭീമ കൊറേഗാവ് കേസിൽ വിചാരണ തടവിലായിരുന്ന ഡൽഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഹാനി ബാബുവിന് 1955 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തി 2020 ലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ 28 നാണ് എൻഐഎ ഹാനിബാബുവിനെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പറഞ്ഞായിരുന്നു അറസ്റ്റ്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു ഉണ്ടായിരുന്നത്. ജസ്റ്റിസ് എ.എസ ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിൻഹ രാജ ഭോൻസലെ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ജാമ്യം നൽകിയത്.
ആരാണ് ഡോ. ഹാനി ബാബു ?
ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ജാതി വിരുദ്ധ പ്രവർത്തകനുമാണ് മലയാളിയായ ഡോ. ഹാനിബാബു. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും നിരോധ മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎ ആരോപണം. ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പന്ത്രണ്ടാമത്തെ വ്യക്തിയാണ് ഹാനി ബാബു. 2019 സെപ്റ്റംബർ 10-ന് പുലർച്ചെ പൊലീസ് സംഘം അദ്ദേഹത്തിന്റെ നോയിഡയിലെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. ലാപ്ടോപ് പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപ്പിലെ ഒരു ഫോൾഡറിൽ മാവോവാദികൾ എഴുതിയ കത്ത് കണ്ടെത്തി എന്നാണ് പൊലീസ് വാദം.