തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോൺഗ്രസിന് വൻവിജയം
സിപിഐക്ക് ലഭിച്ചതിനേക്കാൾ സീറ്റുകൾ സിപിഎം നേടി
ഹൈദരബാദ്: തെലങ്കാനയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർഥികൾക്ക് വിജയം.
പാർട്ടിരഹിതമായാണ് തിരഞ്ഞെടുപ്പുകൾ നടന്നതെങ്കിലും, കോൺഗ്രസ് പാർട്ടി പിന്തുണച്ച സ്ഥാനാർഥികളിൽ ഭൂരിഭാഗവും ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ചു.
ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 4,230 പഞ്ചായത്തുകളിൽ 2,600-ലധികം എണ്ണം കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികൾ നേടിയതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റും എംഎൽസിയുമായ മഹേഷ് കുമാർ ഗൗഡ് അവകാശപ്പെട്ടു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഭരണത്തിനുള്ള പൊതുജന അംഗീകാരമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിആർഎസ് ആയിരത്തിനടുത്ത് സീറ്റുകൾ നേടിയപ്പോൾ ബിജെപി 200ൽ താഴെ സീറ്റുകൾ നേടിയെന്നും സിപിഎമ്മിന് 40 സീറ്റും സിപിഐക്ക് 30 സീറ്റും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന ആഗോള ഉച്ചകോടിയിൽ ₹5.75 ലക്ഷം കോടിയിലധികം നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതിന്റെ പ്രതിഫലനമാണെന്ന് മഹേഷ് കുമാർ ഗൗഡ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏകദേശം 14 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് ശ്രീ ഗൗഡ് കുറ്റപ്പെടുത്തി. തെലങ്കാന ബിജെപിയുടെ എംപിമാർ വിജയിച്ചത് വോട്ട് മോഷണം കാരണമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎമാർക്കും എംപിമാർക്കും അനുകൂലമായി നൽകിയ വോട്ടുകൾ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. സർപഞ്ച് സ്ഥാനങ്ങളിലേക്ക് ആകെ 12,960 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു, വാർഡ് അംഗ സ്ഥാനങ്ങളിലേക്ക് 65,455 സ്ഥാനാർഥികൾ മത്സരിച്ചു.
189 മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 37,562 പോളിംഗ് കേന്ദ്രങ്ങളിലായി 56 ലക്ഷത്തിലധികം വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ 27,41,070 പുരുഷന്മാരും 28,78,159 സ്ത്രീകളും ഉൾപ്പെടെ ആകെ 56,19,430 വോട്ടർമാർ വോട്ട് ചെയ്യാൻ അർഹത നേടിയിരുന്നു. എസ്ഇസിയുടെ കണക്കനുസരിച്ച് 45,15,141 വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, 12,728 സർപഞ്ച് തസ്തികകളിലേക്കും 1,12,242 വാർഡ് അംഗ സ്ഥാനങ്ങളിലേക്കും ഡിസംബർ 11, 14, 17 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് (ബിസി) 42 ശതമാനം സംവരണം സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമ ഉത്തരവുകൾക്ക് ശേഷം മണ്ഡല്‍ പരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങള്‍ (എംപിടിസി), ജില്ലാ പരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങള്‍ (ഇസഡ്പിടിസി), മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.