കൂലിപ്പണിക്കാരന് ലഭിച്ചത് 14 ​കോടിയുടെ ആദായനികുതി നോട്ടീസ്!

പ്രതിദിനം വെറും 300- 400 രൂപ മാത്രം വരുമാനമുള്ള മനോജ് തനിക്ക് ലഭിച്ച ഇൻകം ടാക്സ് നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ്.

Update: 2022-12-20 16:37 GMT
Advertising

പട്ന: പ്രതിദിനം വെറും 300- 400 രൂപ വേതനമുള്ള കൂലിപ്പണിക്കാരന് ലഭിച്ചത് 14 കോടിയുടെ ഇൻകം ടാക്സ് നോട്ടീസ്. ബിഹാറിലെ റോഹ്താസ് സ്വദേശി മനോജ് യാദവിനാണ് ഞെട്ടിക്കുന്ന തുകയുടെ ആദായനികുതി നോട്ടീസ് ലഭിച്ചത്.

മാസം 10000-12000 രൂപ മാത്രം വരുമാനമുള്ള മനോജ് തനിക്ക് ലഭിച്ച ഇൻകം ടാക്സ് നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ്. തന്റെ വീടും സ്ഥലവും വിറ്റാലും ഇതിന്റെ പത്തിലൊന്ന് തുക പോലും ലഭിക്കില്ലെന്നും എന്തടിസ്ഥാനത്തിലാണ് ഇത്രയും തുകയുടെ നോട്ടീസ് ലഭിച്ചതെന്ന് അറിയില്ലെന്നും മനോജ് യാദവ് പറയുന്നു.

തിങ്കളാഴ്ച മനോജിന്റെ കർഗർഹാറിലെ വീട്ടിലെത്തിയ ആദായനികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ, നിരവധി കമ്പനികൾ അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഏകദേശം 14 കോടി രൂപയുടെ നികുതി കുടിശികയുണ്ടെന്നും പറഞ്ഞു.

ഇത് കേട്ട് കണ്ണുതള്ളിയ മനോജ്, താനൊരു കൂലിപ്പണിക്കാരനാണെന്നും വീടും പുരയിടവും വിറ്റാൽ പോലും ഇത്രയും തുക കിട്ടില്ലെന്നും അവരെ അറിയിച്ചു.

നേരത്തെ, ഡൽഹിയിൽ തൊഴിൽ ചെയ്തിരുന്ന താൻ, ബാങ്ക് അക്കൗണ്ട് എടുക്കാനായി പാൻ കാർഡും ആധാർ കാർഡും നൽകിയിരുന്നതായി ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇത് ആരെങ്കിലും തട്ടിപ്പ് നടത്താനായി ഉപയോ​ഗിച്ചതാവും എന്നും മനോജ് പറയുന്നു.

ഒടുവിൽ, മനോജ് തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയും അവർ മടങ്ങുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News