Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ 'ജെൻ സി' പരാമർശത്തിൽ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കലാപം ഉണ്ടാക്കാൻ നീക്കമെന്നാണ് വിമർശനം. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ജെൻസികളും ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുണ്ടെന്ന് രാഹുൽ എക്സിൽ കുറിച്ചതാണ് വിവാദമായത്.
രാജ്യത്തെ യുവാക്കൾ, രാജ്യത്തെ വിദ്യാർഥികൾ, രാജ്യത്തെ ജെൻ സീ, അവർ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും. വോട്ട് മോഷണം അവസാനിപ്പിക്കും. ഞാൻ അവർക്കൊപ്പം നിൽക്കുന്നു എന്നാണ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ തന്നെ രാഹുൽ നടത്തുന്നത് കലാപാഹ്വാനം ആണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് സമാനമായി ഇന്ത്യയിലെ പുതുതലമുറയെ തെരുവിലിറക്കി അധികാരം പിടിച്ചെടുക്കാനുള്ള രാഹുലിന്റെ ശ്രമം ഒരിക്കലും നടക്കില്ല എന്ന രീതിയിലുള്ള അഭിപ്രായങങളായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. വോട്ടർപ്പട്ടികയില്‍ പേരുചേർക്കൽ, പേര് നീക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗക്കാരുടെ വോട്ട് കൂട്ടത്തോടെ വെട്ടാൻ ശ്രമിക്കുന്നുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.