ബിജെപി മൂന്നു മുഖ്യമന്ത്രിമാരെ തീരുമാനിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം

Update: 2023-12-14 02:55 GMT
Advertising

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട്. ഓരോ സംസ്ഥാനത്തെയും സാമുദായിക പ്രതിനിധ്യം കണക്കിലെടുത്താണ് ഉപമുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്തി ബാലൻസിങ്ങിനു ശ്രമിച്ചത്.

മധ്യപ്രദേശിൽ ഒബിസി, രാജസ്ഥാനിൽ ബ്രാഹ്മണ, ഛത്തീസ്ഗഡിൽ ആദിവാസി എന്നീ വിഭാഗങ്ങളിൽ നിന്നാണ് ബിജെപി, മുഖ്യമന്ത്രിമാരെ കണ്ടെത്തിയത്. 60 വയസ്സിനു താഴെയുള്ള വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് പരിഗണിച്ചത്.

ബിജെപി രാജസ്ഥാൻ ഭരിക്കാൻ തുടങ്ങിയ ശേഷം ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഭജൻ ലാൽ ശർമ്മ. ഗുജ്ജർ -മീണ വിഭാഗങ്ങൾ തമ്മിൽ പരസ്പരം പോര് നടക്കുന്നതിനാൽ ഇരു വിഭാഗത്തിൽ പെട്ടവരെയും ഒഴിവാക്കി. എട്ട് ശതമാനം ജനസംഖ്യയുള്ളവരും 30 നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ളവരുമായ ബ്രാഹ്മണ വിഭാഗത്തിൽ നിന്നാണ് നേതാവിനെ കണ്ടെത്തിയത്. 10 ശതമാനം ജനസംഖ്യയുള്ള രാജ്പുത് വിഭാഗത്തിൽ നിന്നും ദിയ കുമാരിയെയെയും 17 .83 ശതമാനം ജനസംഖ്യയുള്ള പട്ടിക വിഭാഗത്തിൽ നിന്നും പ്രേം ചന്ദ് ഭൈരവയെയും ഉൾപ്പെടുത്തി. രാജസ്ഥാനിൽ ഇക്കഴിഞ്ഞ പത്ത് വർഷമായി മുഴുവൻ ലോക്‌സഭാ സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർഥികളാണ് ജയിക്കുന്നത്. ഇത്തവണ റിസ്‌ക് ഒഴിവാക്കാനാണ് കൃത്യമായ സന്തുലനം.

42 ശതമാനം ഒബിസിയുള്ള മധ്യപ്രദേശിൽ, ശിവരാജ് സിങ് ചൗഹാനെ മാറ്റിയാണ് പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നും രാജേന്ദ്ര ശുക്ല, പട്ടിക വിഭാഗത്തിൽ നിന്നും ജഗദീഷ് ദേവ്ഡ എന്നിവരെ ഉപമുഖ്യമന്ത്രി പദത്തിലും എത്തിച്ചു. 30.62 ശതമാനം ജനസംഖ്യയുള്ള പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ബിജെപി ആദ്യമായി മുഖ്യമന്ത്രി ആക്കിയത് വിഷ്ണു ദേവ് സായിയെയാണ്. ഒബിസിയിൽ നിന്നും അരുൺ സാവോയെയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നും വിജയ് ശർമ്മയെയും ഉപമുഖ്യമന്ത്രിമാരാക്കി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ഒരു സീറ്റും ഛത്തീസ്ഗഡിൽ രണ്ട് സീറ്റും മാത്രമാണ് ബിജെപിയിൽ നിന്നും വഴുതിപ്പോയത്. തെക്കേ ഇന്ത്യയിൽ നിന്നുള്ള സീറ്റുകൾ കുറയുമെന്ന് കണക്കാക്കിയാണ് ഹിന്ദി ഹൃദയഭൂമിയിൽ സോഷ്യൽ എഞ്ചിനിയറിങ്ങിൽ ബിജെപി കൃത്യമായി ശ്രദ്ധിക്കുന്നത്. കന്നി എംഎൽഎയെ പോലും മുഖ്യമന്ത്രി ആക്കുന്നത് മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ലോക്‌സസഭാ തെരഞ്ഞെടുപ്പ് മാത്രം ശ്രദ്ധിച്ചാണ്.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News