14കാരിയെ മിഠായി നൽകി വശീകരിച്ച് പീഡിപ്പിച്ചു; ബി.ജെ.പി നേതാവ് അറസ്റ്റിൽ

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റായ ഭഗവത് സിങ് ആണ് പിടിയിലായത്

Update: 2024-09-01 15:07 GMT
Editor : Shaheer | By : Web Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ. അൽമോറ ജില്ലയിലെ ബ്ലോക്ക് അധ്യക്ഷൻ ഭഗവത് സിങ് ബോറയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിക്കു പിന്നാലെ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ മഹേന്ദ്ര ഭട്ടിന്റെ നിർദേശപ്രകാരം ഇയാളെ സ്ഥാനത്തുനിന്ന് നീക്കി.

ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള കാട്ടിൽ സഹോദരങ്ങൾക്കൊപ്പം ആടിനെ മേയ്ക്കാൻ പോയതായിരുന്നു 14കാരി. ഈ സമയത്ത് ഇവിടെ എത്തിയ ബി.ജെ.പി നേതാവ് മിഠായി നൽകി വശീകരിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 30നാണു സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

Advertising
Advertising

കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതോടെ ഭഗവത് ഒളിവിൽ പോയിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾക്കെതിരെ പോക്‌സോ, ബി.എൻ.എസ് 74 വകുപ്പുകൾ ചുമത്തിയതായി അൽമോറ എസ്.പി ദേവേന്ദ്ര പിഞ്ച അറിയിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമം നടത്താൻ ബി.ജെ.പി സർക്കാർ പാർട്ടി നേതാക്കൾക്ക് ലൈസൻസ് നൽകിയിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാറ ആരോപിച്ചു. ഉത്തരാഖണ്ഡിൽ ക്രമസമാധാനനില തകർച്ചയിലാണെന്നും സ്ത്രീകൾക്കെതിരെ ശക്തമാകുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി കോൺഗ്രസ് ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ സംഗമങ്ങളും നടന്നു.

Summary: BJP leader arrested for molesting minor in Uttarakhand's Almora

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News