മധ്യപ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു: വിവരം പുറത്തുവന്നതിന് പിന്നാലെ അക്രമികളിലൊരാളുടെ പിതാവ് ജീവനൊടുക്കി
കൊലപാതകത്തിന് വര്‍ഗീയ മാനം നല്‍കി ബിജെപി രംഗത്തുണ്ട്
അക്രമത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യം Photo- ndtv
ഭോപ്പാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം. കട്നിയിലെ ബിജെപി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജകാണ് (38) കൊല്ലപ്പെട്ടത്.
പിന്നാലെ അക്രമികളിൽ ഒരാളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുറ്റകൃത്യത്തിൽ മകന്റെ പങ്കിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് അക്രമിയുടെ പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിൽ സഞ്ചരിക്കവെയാണ് നീലു രജകിന് വെടിയേല്‍ക്കുന്നത്. ബൈക്കിലെത്തിയ രണ്ടു പേർ തലയ്ക്കും നെഞ്ചിനും വെടിവയ്ക്കുകയായിരുന്നു
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തിൽ മകന്റെ പങ്കിനെ കുറിച്ച് അറിഞ്ഞതിനു പിന്നാലെ പ്രിൻസിന്റെ പിതാവ് നെൽസൺ ജോസഫ് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് അഭിനവ് വിശ്വകർമ വ്യക്തമാക്കി. കൈമോർ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. അതേസമയം കൊലപാതകത്തിന് രാഷ്ട്രീയ വര്‍ഗീയ മാനങ്ങള്‍ നല്‍കുകയാണ് ബിജെപി. 'ലവ് ജിഹാദ്' കേസില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് ബിജെപി ആരോപിക്കുന്നത്. അതിനാല്‍ തന്നെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
അതേസമയം വർഗീയ കലാപങ്ങൾ തടയുന്നതിനായി ജബൽപൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഓഫ് പൊലീസ് അതുൽ സിംഗിന്റെ നേതൃത്വത്തില്‍ കൈമോറില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.