മാപ്പ് കൊണ്ട് കാര്യമില്ല, 'അന്നപൂരണി' നിർമാതാക്കളായ സീ സ്റ്റുഡിയോസിനെ നിരോധിക്കണം; വിവാദ ബിജെപി എംഎൽഎ

നേരത്തെ, പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് 2022 ആഗസ്റ്റിൽ രാജാ സിങ് അറസ്റ്റിലായിരുന്നു.

Update: 2024-01-12 13:31 GMT
Advertising

ചെന്നൈ: നയൻതാര നായികയായ അന്നപൂരണി സിനിമയിലെ രം​ഗം വിവാദമായതിന് പിന്നാലെ നിർമാതാക്കളായ സീ സ്റ്റുഡിയോസ് മാപ്പ് പറയുകയും ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കുകയും ചെയ്തെങ്കിലും കലിപ്പ് തീരാതെ ബിജെപി. നിർമാതാക്കളായ സീ സ്റ്റുഡിയോസിനെ നിരോധിക്കണം എന്ന ആവശ്യവുമായി ബിജെപി എംഎൽഎ രം​ഗത്തെത്തി.

തെലങ്കാന ഗോഷാമഹൽ എംഎൽഎയും വിവാദ നേതാവുമായ ടി. രാജാസിങ്ങാണ് സീ സ്റ്റുഡിയോസിനെതിരെ രം​ഗത്തെത്തിയത്. 'സീ സ്റ്റുഡിയോസ് മാപ്പ് പറഞ്ഞതായി ഞാനറിഞ്ഞു. പക്ഷേ ഒരു മാപ്പ് കൊണ്ട് മാത്രം കാര്യമില്ല. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ ഇത്തരം സിനിമകൾ നിർമിക്കുന്നത് നമ്മൾ പലതവണ കണ്ടിട്ടുണ്ട്'- രാജാ സിങ് പറഞ്ഞു.

സീ സ്റ്റുഡിയോസ് നിരോധിക്കാനും ഇത്തരം സിനിമകളുടെ സംവിധായകർക്കും താരങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാനും താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചിട്ടുണ്ടെന്നും രാജാ സിങ് പറഞ്ഞു. സിനിമയിലെ ഒരു രം​ഗം വിവാദമാവുകയും ഭീഷണിയുമായി സംഘ്പരിവാർ സംഘടനകൾ രം​ഗത്തെത്തുകയും ബിജെപി ഐടി സെല്ലിന്റെയുൾപ്പെടെ പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.

സിനിമ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. സിനിമ നീക്കം ചെയ്തില്ലെങ്കിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സീ സ്റ്റുഡിയോസിനും നെറ്റ്ഫ്ലിക്സിനുമെതിരെ സോഷ്യൽമീഡിയയിൽ സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് വ്യാപക ഭീഷണികളാണ് ഉയർന്നിരുന്നത്. ഇതോടെ സീ സ്റ്റുഡിയോസ് മാപ്പ് പറഞ്ഞിരുന്നു. സംഘ്പരിവാർ സംഘടനയായ വിഎച്ച്പിയോടാണ് സീ സ്റ്റുഡിയോസ് മാപ്പ് പറഞ്ഞത്. സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ശ്രീരാമനും ലക്ഷ്മണനും സീതയും വനവാസ സമയത്ത് വിശന്നപ്പോൾ മാംസാഹാരം കഴിച്ചിരുന്നു എന്ന് വാൽമീകിയുടെ രാമായണത്തിൽ പറയുന്നുണ്ട് എന്ന് നടൻ ജയ് പറയുന്ന ഭാ​ഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി. ചിത്രത്തിൽ വാൽമീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

ഡിസംബർ ഒന്നിന് റിലീസ് ചെയ്ത നയൻതാരയു‌ടെ 75ാം ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചുള്ള പരാതിയിൽ മുംബൈയിലെ എൽടി മാർഗ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചിത്രത്തിനെതിരെ ബിജെപി ഐ.ടി സെല്ലും രമേഷ് സോളങ്കിയെന്ന നേതാവുമാണ് പരാതി നൽകിയത്. അതേസമയം, വിവാദ- വിദ്വേഷ പരാമർശങ്ങളാൽ കുപ്രസിദ്ധനായ ബിജെപി നേതാവാണ് രാജാ സിങ്.

നേരത്തെ, പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് 2022 ആഗസ്റ്റിൽ രാജാ സിങ്ങിനെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. മുൻ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ പ്രവാചകനെ അവഹേളിക്കുന്ന പരാമർശങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെയായിരുന്നു ബിജെപി നടപടി.

സസ്‌പെൻഷൻ സമയത്തും മുസ്‌ലിംകൾക്കെതിരെ സിങ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ബുർഖ ധരിക്കുന്ന സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കരുതെന്ന് ഹിന്ദു സ്ത്രീകളോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീ- പുരുഷന്മാരിൽ നിന്നും ഹിന്ദുക്കൾ അപകടം നേരിടുന്നുണ്ടെന്നും 2026ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഹൈദരാബാദ് എം.പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസിക്കും സഹോദരൻ അക്ബറുദ്ദീൻ ഉവൈസിക്കുമെതിരെ മോശം ഭാഷയുപയോഗിച്ച ഇയാൾ അവരെ നായകളോട് ഉപമിക്കുകയും ചെയ്തിരുന്നു.

2010 ഏപ്രിലിൽ, ഹൈദരാബാദിൽ വർഗീയ സംഘർഷങ്ങൾ ആസൂത്രണം ചെയ്തതിനും 2022ൽ പ്രവാചകനെ അവഹേളിച്ചതിനും ഇയാൾ അറസ്റ്റിലായിരുന്നു. 2022ലെ അറസ്റ്റിനു പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ടെങ്കിലും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2023 ഒക്ടോബറിൽ നടപടി പിൻവലിക്കുകയും മത്സരിക്കുകയുമായിരുന്നു. 100ലേറെ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഇതിൽ 19 എണ്ണവും വിദ്വേഷ പരാമർശങ്ങളിലൂടെ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനെതിരെയാണെന്നും പൊലീസ് പറയുന്നു.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News