മോദിയുടെയും അമിത്ഷായും വിശ്വസ്തൻ,ലണ്ടനിലുള്ള ഭാര്യയെ കാണാൻ യാത്ര; വിജയ് രൂപാണിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നേതാക്കളും പ്രവർത്തകരും
2016 മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്തിന്റെ 16ാംമുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി
അഹമ്മാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കളും പ്രവർത്തകരും. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. 2016 മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്തിന്റെ 16ാംമുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വസ്തൻ. ഇവരുടെ ആശിർവാദത്തോടെ 2016ആഗസ്റ്റിൽ മുഖ്യമന്ത്രി പദത്തിലേക്ക്... സംവരണസമരം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആനന്ദിപട്ടേൽ പരാജയപ്പെട്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് രൂപാണി മുഖ്യമന്ത്രി പദത്തിലെത്തിയത്. അതുവരെ ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ ഗതാഗത തൊഴിൽ മന്ത്രിയായിരുന്നു രൂപാണി. 2017 ൽ തെരഞ്ഞെടുപ്പ് ഫലം മോശമായെങ്കിലും കേന്ദ്രനേതാക്കളുമായുള്ള അടുപ്പം കാരണം രണ്ടാംമൂഴം ലഭിക്കുകയായിരുന്നു.
1956 ൽ മ്യാൻമറിലെ യംഗോനിലെ ജയിൻ ബനിയ കുടുംബത്തിലാണ് വിജയ് രൂപാണിയുടെ ജനനം.രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് കുടുംബം രാജ്കോട്ടിലേക്ക് തിരിച്ചുവന്നു. എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് ആർഎസ്എസിലും 1971 ൽ ജനസംഘത്തിലും പിന്നീട് ബിജെപിയിലും അംഗമായി... അടിയന്തരാവസ്ഥകാലത്ത് 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചു.1987 ൽ രാജ്കോട്ട് മുനിസിപ്പൽ കോർപറേഷൻ അംഗമായാണ് പാർലമെന്ററി രാഷ്ട്രീയത്തിലെത്തുന്നത്. 1996-97 ൽ രാജ്കോട്ട് മേയറായി. 1998 ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി. 2006 മുതൽ 2012 വരെ രാജ്യസഭാ അംഗം കൂടിയായിരുന്നു വിജയ് രൂപാണി.