'തെറ്റായ ആരോപണങ്ങൾ പിൻവലിക്കണം'; ഓപ്പറേഷൻ താമര ആരോപണത്തിൽ ഉമർ അബ്ദുല്ലയ്ക്ക് നോട്ടീസ് അയച്ച് ബിജെപി അധ്യക്ഷൻ സത് പോൾ ശർമ്മ
20 മുതല്‍ 30 കോടി വരെയാണ് ബിജെപി നേതാവിന്റെ വാഗ്ദാനമെന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ആരോപണം
ഓപ്പറേഷൻ താമര ജമ്മുകശ്മീരിലുമുണ്ടെന്ന ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലയുടെ ആരോപണത്തിന് വക്കീൽ നോട്ടീസ്. ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ സത് പോൾ ശർമ്മയാണ് നോട്ടീസ് അയച്ചത്. ഉമർ അബ്ദുല്ലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്നും തെറ്റായ ആരോപണങ്ങൾ പിൻവലിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ശ്രീനഗറില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു ഉമർ അബ്ദുല്ലയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകനായ ബിജെപി നേതാവായ അഭിഭാഷകൻ നാഷനൽ കോൺഫറൻസ് എംഎൽഎമാർക്ക് 20 മുതൽ 30 കോടി വരെ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇനി 100 കോടി രൂപ കൊടുക്കാമെന്ന് പറഞ്ഞാലും ഒരു എംഎല്‍എ പോലും ബിജെപിയിലേക്ക് പോകില്ലെന്നും ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും പിന്‍വാതിലിലൂടെ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം, 'ഓപ്പറേഷന്‍ താമര'യില്‍ ഉമർ അബ്ദുല്ലയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ആരോപണങ്ങള്‍ തള്ളി ബിജെപി നേതാക്കളും രംഗത്തെത്തി. ആരോപണത്തിന് അടിസ്ഥാനമായ തെളിവ് പുറത്തുകൊണ്ടുവരണമെന്നും അല്ലാത്തപക്ഷം മാപ്പ് പറയണമെന്നും ത്രിവേദി ആവശ്യപ്പെട്ടിരുന്നു. ദുര്‍ഭരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉമർ അബ്ദുല്ലയുടെ ശ്രമമെന്നായിരുന്നു ആരോപണത്തിന് തൊട്ടുപിന്നാലെ ബിജെപിയുടെ ആരോപണം.