നാലു മണിക്കൂർ; പുറത്തുപോയത് മന്ത്രിയടക്കം അഞ്ചു നേതാക്കൾ- യുപിയിൽ ബിജെപിക്ക് എന്തു പറ്റി?

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ അളവില്‍ ഒബിസി വോട്ട് ബിജെപിയിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചയാളാണ് സ്വാമി പ്രസാദ് മൗര്യ. എസ്പിയുടെ പിന്നാക്ക വോട്ട്ബാങ്ക് പിളർത്താനുള്ള പ്രധാന ചുമതലയും മൗര്യയ്ക്കായിരുന്നു

Update: 2022-01-11 14:55 GMT
Editor : Shaheer | By : Web Desk
Advertising

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഉത്തർപ്രദേശിൽ ബിജെപി ക്യാംപിൽ പരിഭ്രാന്തി സൃഷ്ടിച്ച് പ്രമുഖ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മന്ത്രിയും മൂന്ന് എംഎൽഎമാരും കൂടുമാറിയതിനു പിന്നാലെ ഒരു നിയമസഭാ സാമാജികൻകൂടി പാർട്ടിവിട്ടു. ബിധുനയിൽനിന്നുള്ള ജനപ്രതിനിധിയായ വിനയ് ശാഖ്യയാണ് ഒടുവിൽ രാജിവച്ചത്.

തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയാണ് ബിജെപി നേതൃത്വത്തിൽ വൻ ഞെട്ടലുണ്ടാക്കി ആദ്യമായി രാജി പ്രഖ്യാപിച്ചത്. പിന്നാക്ക വിഭാഗക്കാരിൽ വലിയ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ബിജെപി വിട്ടതിനു പിറകെ അഖിലേഷ് യാദവിൽനിന്ന് നേരിട്ട് സമാജ്‌വാദി പാർട്ടി(എസ്പി) അംഗത്വം സ്വീകരിക്കുകയും ചെയ്തു.

കൂടുതൽ എംഎൽഎമാരും മന്ത്രിമാരും തനിക്കു പിന്നാലെ വരുമെന്ന് മൗര്യ വെളിപ്പെടുത്തിയിരുന്നു. ഇതിനു ഏതാനും മണിക്കൂറുകൾക്കുശേഷമാണ് മൂന്ന് എംഎൽഎമാർ കൂടി രാജിവച്ചു പുറത്തുപോയത്. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗർ എന്നിവരായിരുന്നു പാർട്ടിവിട്ട കാര്യം പ്രഖ്യാപിച്ചത്. ഇവരെല്ലാം എസ്പിയിൽ ചേർന്നിട്ടുണ്ട്.

ബിജെപി ക്യാംപിൽ ഷോക്ക്

കിഴക്കൻ യുപിയിലെ ഏറ്റവും സ്വാധീനമുള്ള ഒബിസി നേതാക്കളിലൊരാളാണ് സ്വാമി പ്രസാദ് മൗര്യ. 2016ൽ ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യിൽനിന്ന് കൂടുമാറിയാണ് ബിജെപിയിലെത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ഒബിസി വോട്ട് ബിജെപിയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്. എസ്പിയുടെ പിന്നാക്ക വോട്ട്ബാങ്ക് പിളർത്താനുള്ള പ്രധാന ചുമതലയും അദ്ദേഹത്തിനായിരുന്നു.

അടിത്തട്ടിൽ മൗര്യയുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കെല്ലാം വലിയൊരു അളവിൽ ഫലവും കണ്ടു. ഇതിനെല്ലാം അംഗീകാരമായാണ് ഏറ്റവും സുപ്രധാനമായ തൊഴിൽ വകുപ്പ് തന്നെ ബിജെപി മൗര്യയ്ക്ക് നൽകിയത്. എന്നാൽ, പിന്നാക്ക വിഭാഗക്കാരോട് യോഗി സർക്കാർ നീതി കാണിച്ചില്ലെന്നു പറഞ്ഞാണ് ഇപ്പോൾ രാജി പ്രഖ്യാപിച്ചത്. ദലിത്, പിന്നാക്ക വിഭാഗങ്ങൾക്ക് കടുത്ത അവഗണനയും അടിച്ചമർത്തലും മാത്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ആരോപിക്കുന്നു.

'തീർത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സർക്കാരിൽ വളരെ ആത്മാർത്ഥതയോടെയാണ് ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരുന്നത്. എന്നാൽ കർഷകർക്കും ദലിതുകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും നേരെ തുടരുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഞാൻ രാജിവെക്കുകയാണ്'- രാജിക്കത്തിൽ മൗര്യ പറയുന്നു.

തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള മൗര്യയുടെ രാജി ബിജെപിക്ക് ശരിക്കുമൊരു അടിയാണെന്ന് നേതാക്കളുടെ പ്രതികരണത്തിൽനിന്നു തന്നെ വ്യക്തമാണ്. യോഗി ആദിത്യനാഥ് പുതിയ നീക്കങ്ങളിൽ പ്രതികരിച്ചിട്ടില്ലെങ്കിലും രാജി പിൻവലിക്കണമെന്ന് ആവശ്യവുമായി ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നും പെട്ടെന്നുള്ള തീരുമാനങ്ങൾ പലപ്പോഴും തെറ്റാറുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർട്ടി വിട്ട മറ്റ് എംഎൽഎമാരിൽ രണ്ടുപേർ ഒബിസി വിഭാഗക്കാരും ഒരാൾ പട്ടികജാതിക്കാരനുമാണ്. നേരത്തെ ബിഎസ്പി വിട്ട് ബിജെപിയിൽ ചേർന്നവരാണ് ഇവരെല്ലാം. മൂന്നു തവണ എംഎൽഎയായ റോഷൻ ലാലും ആദ്യമായി എംഎൽഎയാകുന്ന ബ്രിജേഷ് പ്രജാപതിയുമാണ് ഒബിസി വിഭാഗക്കാർ. ഭാഗവതി സാഗർ പട്ടിക ജാതിക്കാരനുമാണ്.


കരുത്തനായി അഖിലേഷ്

പിന്നാക്കക്കാരുടെ നേതാവായി സ്വയം അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അഖിലേഷിൻരെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് മൗര്യയുടെ വരവ് കൂടുതൽ കരുത്താകുമെന്നുറപ്പാണ്. യാദവ വിഭാഗത്തിന് കൂടുതൽ ഭൂരിപക്ഷമുള്ള എസ്പിക്കെതിരെ മൗര്യയെ മുന്നിൽനിർത്തി യാദവേതര വോട്ടുകൾ അനുകൂലമായി ഏകീകരിക്കാനായിരുന്നു ബിജെപി തന്ത്രം. എന്നാൽ, മൗര്യയുടെ അപ്രതീക്ഷിതമായ കൂടുമാറ്റം ബിജെപി ആസൂത്രണങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

യുപിയിലെ ഒബിസി ജനസംഖ്യയുടെ 35 ശതമാനമാണ് യാദവേതര വോട്ടർമാർ. ഇവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനായി പല തന്ത്രങ്ങളും പയറ്റിവരുന്നതിനിടെയാണ് മൗര്യയുടെ വരവ്. യാദവേതര ന്യൂനപക്ഷ വോട്ടുകൾ മൗര്യയിലൂടെ പാർട്ടിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷ അഖിലേഷിനുണ്ടാകും. തന്റെ രാജിയുടെ ആഘാതം ബിജെപിക്ക് അനുഭവിക്കേണ്ടിവരുമെന്ന് മൗര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലോക്ദൾ(ആർഎൽഡി), സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി), ജൻവാദി സോഷ്യലിസ്റ്റ് പാർട്ടി(ജെഎസ്പി), മഹാൻദൾ തുടങ്ങിയ ചെറുകിട ജാതി സംഘടനകളുമായി ചേർന്നും അഖിലേഷ് സഖ്യനീക്കം നടത്തുന്നുണ്ട്. അമ്മാവൻ ശിവപാൽ യാദവുമായുണ്ടായിരുന്ന തർക്കം കൂടി പരിഹരിക്കാനായതോടെ എല്ലാംകൊണ്ടും അനുകൂലമായ സാഹചര്യമാണ് അഖിലേഷിന് മുന്നിൽ തുറന്നുവരുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News