'ദേശവിരുദ്ധ, വികസന വിരോധി'; മേധ പട്കറെ ക്ഷണിച്ചതില്‍ പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി ബിജെപി അംഗങ്ങള്‍

പാകിസ്താനിൽ നിന്നുള്ള നേതാക്കളെയും യോഗത്തിലേക്ക് വിളിക്കുമോ എന്ന് ചോദിച്ച് ബിജെപി അംഗങ്ങൾ അധിക്ഷേപിക്കുകയും ചെയ്തു

Update: 2025-07-01 17:28 GMT
Editor : rishad | By : Web Desk

ഭൂമി ഏറ്റെടുക്കൽ നിയമം പരിശോധിക്കുന്ന പാർലമെന്ററി സമിതിയുടെ ക്ഷണപ്രകാരം പാർല​മെന്റ് അനക്സിലെത്തിയ മേധ പട്കർ നടൻ പ്രകാശ് രാജിനും ഇംറാൻ മസൂദ് എം.പിക്കുമൊപ്പം

ന്യൂഡൽഹി: പ്രമുഖ ആക്ടിവിസ്റ്റ് മേധ പട്കറെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ഭൂമി ഏറ്റെടുക്കൽ നിയമം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയിലെ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. ഇതോടെ മീറ്റിങ് മാറ്റിവെച്ചു. 

മേധ പട്കറെ ‘‘ദേശവിരുദ്ധ, വികസന വിരോധി’’ എന്നൊക്കെ ആക്ഷേപിച്ചായിരുന്നു  ബിജെപി എംപിമാരുടെ ഇറങ്ങിപ്പോക്ക്. മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പർഷോത്തം രൂപാലയാണ് ഇറങ്ങിപ്പോക്കിന് നേതൃത്വം നല്‍കിയത്. പാകിസ്താനിൽ നിന്നുള്ള നേതാക്കളെയും യോഗത്തിലേക്ക് വിളിക്കുമോ എന്ന് ചോദിച്ച് ബിജെപി അംഗങ്ങൾ അധിക്ഷേപിക്കുകയും ചെയ്തു.

Advertising
Advertising

2013ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ നടത്തിപ്പിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കാനായിരുന്നു കോൺഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലകയുടെ നേതൃത്വത്തിലുള്ള ഗ്രാമവികസന-പഞ്ചായത്തിരാജ് സ്റ്റാൻഡിംഗ് കമ്മിറ്റി, പട്കറെ ക്ഷണിച്ചത്.

അതേസമയം മേധ പട്കറെ ക്ഷണിക്കാനുള്ള തന്റെ തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്ന് സപ്തഗിരി ശങ്കർ ഉലക പറഞ്ഞു. വിവിധ വിഷയങ്ങളിൽ സാമൂഹിക പ്രവര്‍ത്തകരെ കേള്‍ക്കുക എന്നത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഭൂമി ഏറ്റെടുക്കൽ നിയമത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. എല്ലാവരിൽ നിന്നും അഭിപ്രായം അറിയാനാണ് ആഗ്രഹം. എന്നാല്‍ ബിജെപി അതിന് അനുവദിച്ചില്ല''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മേധ പട്കറിനെ കൂടാതെ നടൻ പ്രകാശ് രാജ്, അഭിഭാഷക ആരാധന ഭാർഗവ, മറ്റ് വിദഗ്ധർ, എൻ.ജി.ഒ പ്രതിനിധികൾ, വിഷയവുമായി ബ ന്ധപ്പെട്ട മറ്റു കക്ഷികൾ തുടങ്ങിയവരും സമിതി മുമ്പാകെ തങ്ങളുടെ അഭിപ്രായം അറിയിക്കാൻ എത്തിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News