പഞ്ചായത്ത് ഓഫീസിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്ത് ഡി.എം.കെ പ്രവർത്തകർ; പ്രതിഷേധവുമായി ബി.ജെ.പി

അണ്ണാ ഡി.എം.കെ ഭരിക്കുന്ന പഞ്ചായത്തിൽ എക്സിക്യൂട്ടീവ് ഓഫീസറുടെ അനുമതിയോടെയാണ് ചിത്രം സ്ഥാപിച്ചത് എന്നാണ് ബി.ജെ.പി പറയുന്നത്

Update: 2022-04-26 13:07 GMT
Editor : André | By : Web Desk
Advertising

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ നിന്ന് പ്രധാനമന്ത്രി യുടെ ചിത്രം നീക്കം ചെയ്ത ഡി.എം.കെ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോയമ്പത്തൂർ കളക്ടറേറ്റിനു മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ ഉപരോധസമരം. തമിഴ്‌നാട് ബി.ജെ.പി ട്രഷറർ എസ്.ആർ ശേഖർ, കോയമ്പത്തൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ. വസന്തരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാൽപ്പതോളം പ്രവർത്തകർ കളക്ടറേറ്റ് ഉപരോധിച്ചത്.

ഏപ്രിൽ 23നാണ് കോയമ്പത്തൂരിലെ വെള്ളല്ലൂർ ടൗൺ പഞ്ചായത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ ബി.ജെ.പി പ്രവർത്തകർ നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിച്ചത്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുമതിയോടെയാണ് ചിത്രം സ്ഥാപിച്ചത് എന്ന് ബി.ജെ.പി പറയുന്നു. എന്നാൽ, സംഭവം അറിഞ്ഞയുടൻ ഡി.എം.കെ കൗൺസിലർമാർ ഓഫീസിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തു.

ഇതിൽ പ്രതിഷേധിച്ച് കോയമ്പത്തൂർ സൗത്ത് ജില്ലയിൽ നിന്നുള്ള ബിജെപി ഭാരവാഹികളും പ്രവർത്തകരും പാർട്ടി സംസ്ഥാന ട്രഷറർ എസ് ആർ ശേഖറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകാൻ എത്തി. എന്നാൽ, അഞ്ചുപേരെ മാത്രമാണ് പൊലീസ് അകത്തേക്ക് കടത്തിവിട്ടത്. മറ്റുള്ളവരെ തഴഞ്ഞതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ കളക്ടറേറ്റ് ഗേറ്റിനു മുന്നിൽ ഉപരോധസമരം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അണ്ണാ ഡി.എം.കെയും ഡി.എം.കെയും തുല്യശക്തികളായ വെള്ളല്ലൂർ പഞ്ചായത്തിൽ നിലവിൽ ഭരണം നടത്തുന്നത് അണ്ണാ ഡി.എം.കെയാണ്. 15 അംഗ കൗൺസിലിൽ അണ്ണാ ഡി.എം.കെക്ക് എട്ടും ഡി.എം.കെക്ക് ഏഴും അംഗങ്ങളാണുള്ളത്. കഴിഞ്ഞമാസം നടന്ന പഞ്ചായത്ത് ഭാരവാഹി തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാവുകയും ഡി.എം.കെ കൗൺസിലർമാരെ പുറത്താക്കുകയും ചെയ്തത് വിവാദമായിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News