രാഹുലിന്റേത് വ്യാജ ആരോപണങ്ങളെന്ന് ബിജെപി; രാജ്യവ്യാപക പ്രക്ഷോഭം നടത്തും; അദാനിയെ സംരക്ഷിക്കുന്നില്ലെന്നും രവിശങ്കർ പ്രസാദ്

രാജ്യത്തെ വ്യവസായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

Update: 2023-03-25 09:33 GMT

ന്യൂഡൽഹി: ലോക്സഭാ എംപി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കപ്പെട്ടതിനു പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച രാ​ഹുൽ ​ഗാന്ധിക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധിയുടേത് വ്യാജ ആരോപണങ്ങളാണെന്ന് ബിജെപി വക്താവ് കൂടിയായ രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.

രാഹുലിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഒരു മണിക്കൂറിനിടെയായിരുന്നു രവിശങ്കർ പ്രസാദിന്റെ മറുപടി. 2019ലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം ആലോചിച്ച് നടത്തിയത് ആണോയെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. ന്യൂനപക്ഷ സമൂഹത്തെ രാഹുൽ ഗാന്ധി അപമാനിച്ചു. കോടതി പറഞ്ഞിട്ടും രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞില്ല. രാഹുൽ ഗാന്ധിയുടെ കൂടെ വൻ അഭിഭാഷക പടയുണ്ട്. എന്നിട്ടും മേൽകോടതികളിൽ എന്തുകൊണ്ട് പോയില്ല.

Advertising
Advertising

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കുന്ന ആദ്യ അംഗമല്ല രാഹുൽ ഗാന്ധി. ബിജെപി എംപിമാരെ പോലും അയോഗ്യരാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ രക്തസാക്ഷിയാക്കി കർണാടക തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആണ് കോൺഗ്രസ് നീക്കമെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ട്. തങ്ങൾക്ക് വോട്ട് നൽകിയില്ല എങ്കിൽ ജനാധിപത്യം അപകടത്തിൽ ആണെന്നാണ് കോൺ​ഗ്രസ് പറയുന്നത്.

അഴിമതിയെ കുറിച്ച് പറയാൻ രാഹുൽ ​ഗാന്ധിക്ക് യോ​ഗ്യതയില്ല. കാരണം ബോഫേഴ്‌സ്, 2ജി സ്പെക്ട്രം, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നേട്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺ​ഗ്രസ്. അഴിമതി, കൈക്കൂലി എന്നിവ കോൺഗ്രസുമായി ചേർന്ന് നിൽക്കുന്നു. യുപിഎ സർക്കാരിൻ്റെ കാലത്ത് അദാനി ​ഗ്രൂപ്പിന് പല പദ്ധതികളും അനുവദിച്ചിരുന്നു. മൻമോഹൻ സിങ് സർക്കാർ 2008ൽ അദാനി ഗ്രൂപ്പിന് ഉത്തർപ്രദേശിൽ കൽക്കരി ഖനി അനുവദിച്ചെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

ഈ കോൺഗ്രസ് ആണ് നരേന്ദ്രമോദിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ അദാനിയെ ബിജെപി സംരക്ഷിക്കുന്നില്ലെന്നും രാജ്യത്തെ വ്യവസായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റെന്നും വക്താവ് ചോദിച്ചു. കള്ളം പറയുന്നതും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുൽ ഗാന്ധിയുടെ സ്വഭാവമായി മാറിയെന്നും ചൗക്കിദാർ ചോർ പരാമർശത്തിൽ എന്ത് സംഭവിച്ചു എന്ന് ഓർക്കണമെന്നും രവിശങ്കർപ്രസാദ് മുന്നറിയിപ്പ് നൽകി.

അന്നത്തെ പരാമർശത്തിൽ രാഹുലിന് മാപ്പ് പറയേണ്ടിവന്നില്ലേ. തൻ്റെ പൂർവികർ പ്രധാനമന്ത്രി ആയതുകൊണ്ട് തനിക്ക് പ്രധാനമന്ത്രി പദം ലഭിക്കാത്തത് ആണ് രാഹുൽ ഗാന്ധിയുടെ പ്രശ്നമെന്നും ഇത്തരം വ്യാജ പ്രചരണം തുടർന്നാൽ കോൺ​ഗ്രസിന് വോട്ടുകൾ കിട്ടില്ലെന്നും രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News