ആർഎസ്എസിനെ 'പരിഹസിക്കുന്ന' ടി- ഷർട്ട് ധരിച്ച് കുനാൽ കമ്ര; കേസെടുക്കുമെന്ന് ബിജെപി
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായിരുന്നു.
Photo| Special Arrangement
ന്യൂഡൽഹി: ആർഎസ്എസിനെ 'പരിഹസിക്കുന്ന' എഴുത്തുള്ള ടി- ഷർട്ടണിഞ്ഞ് നിൽക്കുന്ന കൊമേഡിയൻ കുനാൽ കമ്രയുടെ ചിത്രത്തിനെതിരെ ബിജെപി. 'കോമഡി ക്ലബിൽ നിന്നുള്ള ക്ലിക്ക് അല്ല' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് സംഘ്പരിവാർ, ബിജെപി കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായിരുന്നു.
കുനാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ബിജെപി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ മുന്നറിയിപ്പ് നൽകി. 'ഇത്തരം ആക്ഷേപകരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ പോലീസ് നടപടിയെടുക്കും'- ബവൻകുലെ പറഞ്ഞു. കുനാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ശിർസാത്, പോസ്റ്റിനെതിരെ ബിജെപി ശക്തമായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.
'പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെക്കും നേരെയായിരുന്നു നേരത്തെയുള്ള ആക്രമണം. ഇപ്പോൾ, ആർഎസ്എസിനെയും കടന്നാക്രമിക്കുന്നു. ഇതിന് മറുപടി നൽകണം'- സഞ്ജയ് ശിർസത് പറഞ്ഞു. കുനാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ഏക്നാഥ് ഷിൻഡെക്കെതിരെ കമ്ര നടത്തിയ വിമർശനങ്ങൾ ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. 1997ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ദിൽ തോ പാഗൽ ഹേ'യിലെ 'ഭോലി സി സൂറത്ത്' എന്ന ഗാനത്തിന്റെ പാരഡി പതിപ്പിലൂടെയായിരുന്നു കുനാൽ കമ്ര ഷിൻഡെയെ പരോക്ഷമായി വിമർശിച്ചത്.
2022ൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയെ പിളർത്തി ബിജെപിയുമായി സഖ്യമുണ്ടാക്കിയ ഷിൻഡെയെ 'രാജ്യദ്രോഹി' എന്ന് കുനാൽ ക്രമ പാട്ടിൽ പരിഹസിച്ചിരുന്നു. ഷിൻഡെയുടെ പേര് പറയാതെ ’താനെയിൽ നിന്നുള്ള ഒരു നേതാവ്’ എന്നായിരുന്നു പരാമർശം. ഇതിനെതിരെ മന്ത്രി പ്രതാപ് സർനായിക്കിന്റെ പരാതിയിൽ കമ്രയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും പരിപാടി നടന്ന സ്റ്റുഡിയോ ശിവസേനാ പ്രവർത്തകർ ആക്രമിക്കുകയും ചെയ്തിരുന്നു.