യു.പിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികൾ മരിച്ച നിലയിൽ; 3 പേർ പിടിയിൽ

പെൺകുട്ടികളുടെ ബന്ധുക്കൾ ജോലി ചെയ്യുന്ന ഇഷ്ടിക ചൂളയുടെ കരാറുകാരനും മകനും മരുമകനുമാണ് അറസ്റ്റിലായത്

Update: 2024-02-29 18:39 GMT

കാൺപൂർ:ഉത്തർ​പ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.കാൺപൂരിലെ ഘതംപൂർ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഷ്ടിക ചൂളക്ക് സമീപമുള്ള മരത്തിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹം സ്കാർഫ് ഉപയോഗിച്ച് കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. 

ചൂളയുടെ കരാറുകാരനും മകനും മരുമകനും ചേർന്ന് കുട്ടികളെ കൂട്ടബലാത്സംഗം ​​​​ചെയ്തതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യൽ, പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാരൻ രാംരൂപ് (48), മകൻ രാജു (18), അനന്തരവൻ സഞ്ജയ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ​​ഫോണിൽ നിന്ന് കുട്ടികളുടെ വിഡിയോകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു

ചൂളയിൽ ജോലി ചെയ്യുന്ന അവിടെ കുടുംബത്തോടൊപ്പം താമസിക്കുന്ന രണ്ട് തൊഴിലാളികളുടെ പെൺമക്കളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി സൗത്ത് സോൺ ഡിസിപി രവീന്ദ്ര കുമാർ പറഞ്ഞു. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News