സിആർപിഎഫ് ആസ്ഥാനത്തിന് സമീപം ആറ് വയസുകാരന്റെ കഴുത്തറുത്ത് നരബലി; യുവാക്കൾ അറസ്റ്റിൽ

ജീവിതത്തിൽ അഭിവൃദ്ധി കൈവരിക്കാനാണ് തങ്ങൾ കുട്ടിയെ ബലിയർപ്പിച്ചതെന്നാണ് പ്രതികളുടെ വാദം.

Update: 2022-10-02 12:27 GMT
Advertising

രാജ്യ തലസ്ഥാനത്ത് ആറ് വയസുകാരനെ നരബലിയായി കഴുത്തറുത്ത് കൊലപ്പെടുത്തി യുവാക്കൾ. സൗത്ത് ഡൽഹിയിലെ ലോധി കോളനിക്ക് സമീപം ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന കൊലപാതകം. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി.

ഇവിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന സിആർപിഎഫ് ആസ്ഥാന മന്ദിരത്തിനു സമീപമാണ് സംഭവം. വിജയ് കുമാർ, അമർ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികൾ രണ്ട് പേരും നിർമാണ തൊഴിലാളികളാണെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. യുപിയിലെ ബറെയ്‌ലി സ്വദേശികളാണ് കുട്ടിയും കുടുംബവും.

'ആറ് വയസുള്ളൊരു കുട്ടി കൊല്ലപ്പെട്ടതായും കൊലയാളികളായ രണ്ട് പേരെ പിടിച്ചുവച്ചിട്ടുള്ളതായും ശനിയാഴ്ച രാത്രി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇതനുസരിച്ച് ഞങ്ങൾ സംഭവ സ്ഥലത്തെത്തി. മറ്റ് തൊഴിലാളികളും സിആർപിഎഫ് അം​ഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്'-സൗത്ത് ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.

'പ്രതികളെ രണ്ട് പേരെയും കുട്ടിക്ക് പരിചയമുണ്ടായിരുന്നു. രാത്രി പത്തരയോടെ ഇവർ കുട്ടിയെ അടുക്കളയിലേക്ക് വിളിക്കുകയും അവിടേക്ക് ചെന്നതോടെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു- ഡിസിപി വ്യക്തമാക്കി. ബീഹാർ സ്വദേശികളാണ് പ്രതികൾ. നിർമാണ സ്ഥലത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം.

തനിക്ക് ഒരു ദർശനം കിട്ടിയതായും അതിൽ കണ്ട 'ഭോലെ ബാബ' (ശിവൻ) കുട്ടിയുടെ കഴുത്ത് വെട്ടാൻ നിർദേശിച്ചതായും അതനുസരിച്ചാണ് അങ്ങനെ ചെയ്തതെന്നുമാണ് പ്രതികളിൽ ഒരാൾ പൊലീസിനോടു പറഞ്ഞത്. ജീവിതത്തിൽ അഭിവൃദ്ധി കൈവരിക്കാനാണ് തങ്ങൾ കുട്ടിയെ ബലിയർപ്പിച്ചതെന്നാണ് പ്രതികളുടെ വാദമെന്നും പാെലീസ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News