ബി.എസ്.എഫ് അധികാരപരിധി വിപുലീകരണം; എതിർത്ത് പ്രമേയം പാസാക്കി വെസ്റ്റ് ബംഗാൾ

വെസ്റ്റ് ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിൽ അധികാരപരിധി അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ കൂടി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു

Update: 2021-11-16 16:33 GMT
Advertising

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) അധികാരപരിധി കേന്ദ്രസർക്കാർ വിപുലീകരിച്ചതിനെ എതിർത്ത് വെസ്റ്റ് ബംഗാൾ നിയമസഭ പ്രമേയം പാസാക്കി. നേരത്തെ പഞ്ചാബും നടപടിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. വെസ്റ്റ് ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ കൂടി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രമേയത്തെ 112 എം.എൽ.എമാർ പിന്തുണച്ചു. 63 പേർ എതിർത്തു. ഈ സംസ്ഥാനങ്ങളിൽ നേരത്തെ ബി.എസ്.എഫ് അധികാര പരിധി 15 കിലോ മീറ്ററായിരുന്നു.



അധികാര പരിധി വർധിപ്പിച്ച തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഇത് രാജ്യത്തെ ഫെഡറൽ വ്യവസ്ഥക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും വെസ്റ്റ് ബംഗാൾ പാർലമെൻററി അഫേഴ്‌സ് മന്ത്രി പാർഥ ചാറ്റർജി പറഞ്ഞു.

അതിനിടെ, അതിർത്തിയിൽ പരിശോധന നടത്തിയ ബി.എസ്.എഫ് സൈനികൻ ഒരു വനിതയെ അനുചിതമായി സ്പർശിച്ചെന്ന് തൃണമൂൽ എം.എൽ.എ ഉദയൻ ഗുഹ ആരോപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗുഹയുടെ ആരോപണം തള്ളിക്കളഞ്ഞു. പ്രസ്താവന സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ ബിമാൻ ബാനർജി ഇതിന് വഴങ്ങിയിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News