വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.എസ്.പി

2019ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യത്തിലായിരുന്നു ബി.എസ്.പി

Update: 2024-04-16 09:30 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.എസ്.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയില്‍ അതാര്‍ ജമാല്‍ ലാരിയെ ആണ് ബിഎസ്പി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. അതേസമയം എസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇവിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയെ ആണ് രംഗത്തിറക്കിയിട്ടുള്ളത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യത്തിലായിരുന്നു ബി.എസ്.പി. കാര്യമായ നേട്ടമുണ്ടാക്കാൻ ഇരുപാർട്ടികൾക്കും കഴിഞ്ഞില്ല. 2024ൽ ഇൻഡ്യ സഖ്യത്തിന്റെ കീഴിലാണ് എസ്.പി മത്സരിക്കുന്നത്.

ഈ സഖ്യത്തിലേക്ക് ബി.എസ്.പിയെ ക്ഷണിച്ചിരുന്നുവെങ്കിൽ അവർ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ മെയിൻപുരി, ബുദൗൻ തുടങ്ങിയ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ എസ്.പിക്ക് വെല്ലുവിളി ഉയർത്താൻ ബി.എസ്.പിക്ക് ആയേക്കും. മുസ്‌ലിം ഖാനെയാണ് ബുദൗനിൽ ബി.എസ്.പി നിർത്തിയിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി ബി.ജെ.പി 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി മത്സരിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ അഭിജിത് ദാസ് ബോബിയെ ആണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News