ബുൾഡോസർ രാജ്; വിവാദങ്ങൾക്കിടെ കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരു വേദിയിൽ
ശിവഗിരി തീർഥാടന സമ്മേളനത്തിലാണ് പിണറായിയും സിദ്ധരാമയ്യയും ഒരുമിച്ച് എത്തുന്നത്
ബംഗളൂരു: കർണാടകയിലെ ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ കർണാടക, കേരള മുഖ്യമന്ത്രിമാർ ഇന്ന് ഒരു വേദിയിൽ. ശിവഗിരി തീർഥാടന സമ്മേളനത്തിലാണ് പിണറായിയും സിദ്ധരാമയ്യയും ഒരുമിച്ച് എത്തുന്നത്. വിഷയത്തിൽ കർണാടക സർക്കാരിനെ പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കർണാടകയും രംഗത്തുവന്നിരുന്നു.
അതേസമയം, കൊഗിലു വില്ലേജിൽ കുടിലുകൾ പൊളിച്ചു നീക്കിയ കുടുംബങ്ങൾക്ക് വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിവാദം. സർക്കാർ ഭൂമി കയ്യേറി കുടിലുകൾ സ്ഥാപിച്ചു എന്നാരോപിച്ച് കർണാടക സർക്കാർ പൊളിച്ച 167 കുടിലുകളിലെ കുടുംബങ്ങൾക്ക് വീടുകൾ നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. രേഖകൾ പരിശോധിച്ച ശേഷം പ്രദേശ വാസികളായവർക്ക് വീടുകൾ നൽകാനാണ് സർക്കാർ തീരുമാനം.
ഖരമാലിന്യ സംസ്‌കരണ പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന സർക്കാർ ഭൂമി കയ്യേറി കുടിലുകൾ സ്ഥാപിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ബംഗളൂരു കൊഗിലു വില്ലേജിലെ വസീം ലേഔട്ടിലെയും ഫക്കീർ കോളനിയിലെയും വീടുകൾ തകർത്തത്. ഇതോടെ തെരുവിലായ കുടുംബങ്ങൾക്ക് ജനുവരി ഒന്നിന് വീടുകൾ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.
വീടു നിർമ്മിച്ചു നൽകുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപിയും ആരോപിച്ചു. സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന ബിജെപിയുടെ ആരോപണത്തെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തള്ളി കളഞ്ഞു. അർഹരായവർക്ക് മാനുഷിക പരിഗണന നൽകിയാണ് വീടുകൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വസീം ലേഔട്ടിലും ഫക്കീർ കോളനിയിലും താമസിച്ചിരുന്ന കർന്നാടക സ്വദേശികൾക്കാവും സർക്കാർ വീടുകൾ നിർമ്മിച്ചു നൽകുക. ഇതിനായി രേഖകൾ പരിശോധിച്ച് യോഗ്യരായവരെ കണ്ടെത്തും. വീടു നഷ്ടപ്പെട്ടവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഇവർക്ക് സർക്കാരിന്റെ വീട് ലഭിക്കില്ല.