ഗുജറാത്തിൽ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ബുൾഡോസർ രാജ്

വീടടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ തകർത്തു

Update: 2025-05-21 05:43 GMT

അഹമ്മദാബാദ്: ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ചന്ദോള തലബിൽ നടത്തിയ ബുൾഡോസർ രാജിൽ നിരവധി പേർക്ക് വീട് നഷ്ടപ്പെട്ടു. അനധികൃത നിർമാണമെന്നാരോപിച്ചാണ് അഹമ്മദാബാദ് മുൻസിപൽ കോർപറേഷന്റെ നടപടി. മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ചന്ദോള തലബ്. വീടടക്കം ഏകദേശം ഏഴായിരത്തോളം നിർമിതികളാണ് പൊളിച്ചുമാറ്റാനൊരുങ്ങുന്നത്.

'ദേശ സുരക്ഷ'യാണ് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ 26 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ മേഖലയിലുള്ളതിൽ അധികവും രേഖകളില്ലാതെ കുടിയേറ്റം നടത്തിയ ബംഗ്ലാദേശി സ്വദേശികളാണെന്നാണ് അധികൃതരുടെ ആരോപണം. അതേസമയം വലിയൊരു പങ്കും ആധാറും വോട്ടർ ഐഡിയുമടക്കമുള്ള ഇന്ത്യൻ പൗരന്മാരാണെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കുന്നു.

Advertising
Advertising

ഏപ്രിൽ 29ന് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെയാണ് ഏപ്രിൽ 28ന് നിർത്തിവെച്ച പൊളിച്ചു മാറ്റൽ പുനരാരംഭിച്ചത്.

രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ദിവസ വേതനക്കാരോ, മാലിന്യത്തൊഴിലാളികളോ ആയ കുടിയേറ്റക്കാരാണ് വീട് നഷ്ടപ്പെട്ടവരിൽ കൂടുതലും.

രാജ്യസുരക്ഷയുടെയും നിയമത്തിന്റെയും പേര് പറഞ്ഞ് മുസ്ലിംകളെ വേട്ടയാടുകയാണ് സർക്കാരെന്ന് ന്യൂനപക്ഷ നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ 40 വർഷത്തിലധികമായി ചന്ദോള തടാക പരിസരത്ത് താമസിക്കുന്നവരെയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പേരു പറഞ്ഞ് വഴിയാധാരമാക്കിയത്. തികച്ചും മനുഷ്യത്വ രഹിതമായ നടപടിയാണിതെന്നും ന്യുനപക്ഷ കോർഡിനേഷൻ കമ്മിറ്റി കൺവീനർ മുജാഹിദ് നഫീസ് പറഞ്ഞു.

പുനരധിവാസത്തിന് യാതൊരു ക്രമീകരണവുമില്ലാതെ നടത്തുന്ന പൊളിച്ചുമാറ്റലിനെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗുജറാത്ത് നേതാവ് വസീഫ് ഹുസൈൻ അപലപിച്ചു. പ്രായമായവരും കുട്ടികളുമടക്കമുള്ളവരാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതെന്ന് വസീഫ് കുറ്റപ്പെടുത്തി. പുനരധിവാസത്തിനുള്ള നടപടി ഉടനെവേണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റുകളും രംഗത്തെത്തി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News