തൃണമൂൽ സർക്കാരിന് തിരിച്ചടി; 2010ന് ശേഷമുള്ള എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ 2011ലാണ് സംസ്ഥാനത്ത് അധികാരത്തിൽ വന്നത്

Update: 2024-05-22 14:15 GMT
Advertising

കൊൽക്കത്ത: 2010ന് ശേഷം പശ്ചിമ ബംഗാളിൽ നൽകിയ എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകളും കൽക്കട്ട ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി. നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനകം സർവീസിലുള്ളവരോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ സംസ്ഥാനത്തിന്റെ ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിജയിച്ചവരോ ആയ പൗരന്മാരുടെ സേവനത്തെ ഉത്തരവ് ബാധിക്കിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ 2011ലാണ് സംസ്ഥാനത്ത് അധികാരത്തിൽ വന്നത്. അതിനാൽ തൃണമൂൽ സർക്കാരിന്റെ കീഴിൽ നൽകിയ എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകൾക്കും ഉത്തരവ് ബാധകമായിരിക്കും. ഇത് ബി.ജെ.പി ഗൂഢാലോചനയാണെന്നും ഈ ഉത്തരവ് താൻ അംഗീകരിക്കില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാൾ സർക്കാർ കൊണ്ടുവന്ന ഒ.ബി.സി സംവരണം തുടരും. വീടുതോറും സർവേ നടത്തിയാണ് തങ്ങൾ ബിൽ തയ്യാറാക്കിയത്. അത് മന്ത്രിസഭയും നിയമസഭയും പാസാക്കിയതാണെന്നും മമത കൂട്ടിച്ചേർത്തു.

ഈ വിധി സംസ്ഥാനത്തെ ഗണ്യമായ ആളുകളെ ബാധിക്കുമെന്ന് വിഷയവുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകൻ പറഞ്ഞു.

2010ന് മുമ്പ് 66 ഒ.ബി.സി വിഭാഗങ്ങളെ തരംതിരിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ ഹരജികളിൽ ചോദ്യം ചെയ്യപ്പെട്ടില്ല. അതിനാൽ ഈ ഉത്തരവുകളിൽ ഇടപെട്ടിട്ടില്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തി, രാജശേഖർ മന്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2010 മാർച്ച് അഞ്ച് മുതൽ 2012 മെയ് 11 വരെ 42 ക്ലാസുകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാന എക്‌സിക്യൂട്ടീവ് ഉത്തരവുകൾ റിപ്പോർട്ടുകളുടെ നിയമവിരുദ്ധത കണക്കിലെടുത്ത് ബെഞ്ച് റദ്ദാക്കിയതായി ഉത്തരവിട്ടു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായി കൂടിയാലോചിച്ച് പുതിയ വിഭാഗങ്ങളെ ഒ.ബി.സിയുടെ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്താനും ബാക്കിയുള്ളവയെ ഒഴിവാക്കാനുമുള്ള ശിപാർശകളോടെ നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബെഞ്ച് സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിനോട് നിർദേശിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News