അലഞ്ഞുതിരിയുന്ന കന്നുകാലികളുമായി മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു; യു.പിയിൽ 90 പേർക്കെതിരെ കേസ്

വെറ്ററിനറി ഓഫീസർ സഞ്ജയ് കുമാർ ശർമ്മയുടെ പരാതിയിലാണ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തത്

Update: 2023-08-21 06:17 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്‌നൗ: അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് നാട്ടുകാര്‍. ഉത്തർപ്രദേശ് മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിംഗിന്റെ വാഹനം തടഞ്ഞ 90 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ബറോലി ജില്ലിലാണ്  സംഭവം.

അൻല തെഹ്സിലിലെ ഗുഡ്ഗാവിൽ 9.14 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അനിമൽ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്ക്ക് പോകുകയായിരുന്നു മന്ത്രി. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനായി കന്നുകാലികളുമായി പിപ്പരിയ ഉപ്രാല ഗ്രാമത്തിലെ നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രതിഷേധത്തിൽ മന്ത്രിയുടെ വാഹനവ്യൂഹം 40 മിനിറ്റോളം റോഡിൽ കുടുങ്ങി. 

പ്രദേശത്ത് ഗ്രാമസഭയുടെ സ്ഥലം കണ്ടെത്തി ഉടൻ പശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഗ്രാമവാസികൾക്ക് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. വെറ്ററിനറി ഓഫീസർ സഞ്ജയ് കുമാർ ശർമ്മയുടെ പരാതിയിലാണ് അജ്ഞാതരായ 90 പേർക്കെതിരെ ഐപിസി സെക്ഷൻ 341 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു.

കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത് അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നമായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇതിന് ഇനിയും പരിഹാരമുണ്ടാകാത്തതാണ് നാട്ടുകാരുടെ പ്രതിഷേധനത്തിന് കാരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News