വിദ്വേഷ പ്രസംഗം: കർണാടകയിൽ ആർഎസ്എസ് നേതാവിനെതിരെ കേസ്
മുസ്‌ലിം സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നെന്നും ഇക്കാര്യത്തിൽ ഹിന്ദു സ്ത്രീകൾ പിറകിലാവുന്നെന്നുമായിരുന്നു പ്രസംഗം.
Photo| Special Arrangement
മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ കർണാടകയിലെ മുതിർന്ന ആർഎസ്എസ് നേതാവിനെതിരെ കേസ്. ഡോ. കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ ദക്ഷിണ കന്നട പൊലീസാണ് കേസെടുത്തത്. കർണാടക പുത്തൂർ താലൂക്കിലെ ഉപ്പലിഗെയിൽ ദീപോത്സവ പരിപാടിക്കിടെയായിരുന്നു വിദ്വേഷ പരാമർശം. യൂട്യൂബ് ചാനലിൽ പ്രസംഗം കണ്ട ഈശ്വരി പദ്മൂഞ്ച എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.
മുസ്‌ലിം സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നെന്നും ഇക്കാര്യത്തിൽ ഹിന്ദു സ്ത്രീകൾ പിറകിലാവുന്നെന്നുമായിരുന്നു പ്രസംഗം. ഉള്ളാളിലെ മുസ്‌ലിം ജനസംഖ്യ കൂടുതലാണെന്നു പറഞ്ഞ ഇയാൾ, ഹിന്ദു സ്ത്രീകൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഭട്ടിന്റെ പ്രസംഗം മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്ന് ഈശ്വരി പദ്മുഞ്ച പരാതിയിൽ ആരോപിച്ചു. പരാതിയിൽ പുത്തൂർ റൂറൽ പൊലീസ് ഭട്ടിനും സംഘാടകർക്കുമെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 79, 196, 299, 302, 3(5) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
അതേദിവസം തന്നെ സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഈ വീഡിയോ റിപ്പോർട്ട് ചെയ്യുകയും നടപടിയെടുക്കാൻ ജില്ലാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.