ജസ്റ്റിസ് എസ്.കെ യാദവിനെതിരെ നടപടിയെടുക്കണം: ആവശ്യവുമായി കത്തോലിക്കാ സഭ

സർക്കാർ പരാജയപ്പെട്ടാൽ, ഇടപെടേണ്ടത് പ്രതിപക്ഷത്തിൻ്റെ പ്രാഥമിക കടമയാണെന്നും കത്തോലിക്കാ സഭ

Update: 2024-12-12 08:50 GMT
Editor : സനു ഹദീബ | By : Web Desk

  

ബെംഗളൂരു: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ നടപടിയെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് രാജ്യത്ത് നടക്കുക എന്ന പരാമർശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ നിയമം ഭൂരിപക്ഷ ഭരണം അല്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ സിബിസിഐ വ്യക്തമാക്കി.

"ഭൂരിപക്ഷ ഭരണം ആർട്ടിക്കിൾ 14 ഉം ഇന്ത്യയുടെ ഭരണഘടന ഉദ്ദേശിച്ചിട്ടുള്ള എല്ലാ തത്വങ്ങൾക്കും എതിരാണ്. നമ്മുടെ ഭരണഘടനയിലും അതിൻ്റെ ധാർമ്മികതയിലും വിശ്വാസമില്ലാത്ത ഒരാൾ ഒരു ജഡ്ജിയായിരിക്കുക പോയിട്ട്, ഇന്ത്യയിലെ ജുഡീഷ്യറിയുമായി യാതൊരു ബന്ധവും പുലർത്തുവാൻ പോലും പാടില്ല," പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

ജസ്റ്റിസ് യാദവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 124, 217 എന്നിവയ്ക്ക് കീഴിലാണെന്നും പാർലമെൻ്റിന് ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യാൻ കഴിയുമെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. സർക്കാർ പരാജയപ്പെട്ടാൽ, ഇടപെടേണ്ടത് പ്രതിപക്ഷത്തിൻ്റെ പ്രാഥമിക കടമയാണെന്നും സിബിസിഐ ഓർമിപ്പിച്ചു. നിർഭാഗ്യവശാൽ, ഈ ഗുരുതരമായ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പരാജയപ്പെട്ടതായി ഞങ്ങൾ കാണുന്നു. ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ചില എംപിമാർ ആവശ്യപ്പട്ടത് പ്രതീക്ഷയുടെ തിളക്കം ആണെന്നും പ്രസ്താവനയിൽ പറയുന്നു.

ഹൈക്കോടതിയുടെ ലൈബ്രറി ഹാളിൽ വെച്ച് നടന്ന വിഎച്ച്പി പരിപാടിയിലായിരുന്നു ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിദ്വേഷ പ്രസംഗം നടത്തിയത്. "നിയമങ്ങൾ പ്രവർത്തിക്കുന്നത് ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ്. ഒരു കുടുംബമായാലും ഒരു സമൂഹമായാലും. ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും പ്രയോജനപ്പെടുന്ന കാര്യങ്ങൾ മാത്രമേ സ്വീകരിക്കൂ,” മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ തീവ്ര വലതുപക്ഷ ഹിന്ദുത്വ ശാഖയായ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിൽ ജസ്റ്റിസ് യാദവ് പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News