എസ്.ബി.ഐയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മുൻ ജീവനക്കാർക്കെതിരെ കേസെടുത്ത് സി.ബി.ഐ

ഏഴ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ

Update: 2024-03-21 02:55 GMT

ചെന്നൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസെടുത്തു.രണ്ട് വ്യത്യസ്ത കേസുകളിൽ ഏഴ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് മുൻ എസ്.ബി.ഐ ജീവനക്കാർക്കെതിരെ സി.ബി.ഐ കേസെടുത്തത്.

എസ്ബിഐ ഈറോഡ് നമ്പിയൂർ ശാഖയിലെ ഡെപ്യൂട്ടി മാനേജർ എം.കാർത്തിക് കുമാറും മാനേജർ എം.ശിവഹരിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2021-22 കാലയളവിൽ 3.25 കോടി രൂപ മാനദണ്ഡങ്ങൾ ലംഘിച്ച് യോഗ്യതയില്ലാത്ത ആളുകൾക്ക് വായ്പ അനുവദിച്ചതാണ് കേസ്. ഇന്റണേൽ ഓഡിറ്റ് വകുപ്പാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.വ്യാജരേഖകളുണ്ടാക്കി എക്സ്​പ്രസ് ക്രെഡിറ്റ് ലോണുകളാണ് ഇവർ നൽകിയത്.

Advertising
Advertising

വായ്പയെടുത്തവർ സിബിൽ സ്‌കോറുകളും സാലറി സ്ലിപ്പുകളും വ്യാജമായി നിർമ്മിച്ചിതാണ്. ഇവരുടെ വായ്പാ അപേക്ഷകൾ മറ്റ് ബ്രാഞ്ചുകൾ നേരത്തെ നിരസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.കാർത്തിക് കുമാറിന് പുറ​മെ ഭാര്യ രമ്യ, സഹോദരി നിത്യ, അമ്മ മല്ലിക ദേവി എന്നിവരെയും സി.ബി.ഐ പ്രതികളാക്കിയിട്ടുണ്ട്.

മറ്റൊരു കേസിൽ , 2021ൽ 28 എക്സ്പ്രസ് ക്രെഡിറ്റ് ലോണുകൾ, 14 എസ്എംഇ ലോണുകൾ (ബിസിനസ്), 21 വിള വായ്പകൾ, ഒരു പ്രധാനമന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതി (പിജിഇഎംപി) എന്നിവക്ക് സബ്‌സിഡി അനുവദിച്ചതിന് അന്നത്തെ ഈറോഡിലെ അയ്യൻസാലൈ ബ്രാഞ്ച് മാനേജരായിരുന്ന അഭിജിത്ത് കുമാറിനെതിരെയാണ് കേസെടുത്തത്.

ബാങ്കിന്റെ 3.87 കോടി രൂപയാണ് വ്യാജരേഖ ചമച്ച് അഭിജിത്ത് കുമാറും സംഘവും ലോണെടുത്തതെന്നാണ് ക​ണ്ടെത്തൽ. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണത്തിനായി എടുത്തത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News