'ദയവായി എന്നെ അനാവശ്യമായി പ്രശസ്തയാക്കരുത്, എല്ലാ ക്രഡിറ്റും ഇന്ത്യന്‍ റെയില്‍വേയ്ക്കും അഫ്‌കോണ്‍സിനും: ചെനാബ് പാലം പദ്ധതിക്ക് പിന്നിൽ പ്രവര്‍ത്തിച്ച ഡോ. മാധവി ലത
പാലം നിർമിച്ച എഞ്ചിനീയറിംഗ് സ്ഥാപനമായ അഫ്‌കോൺസിന്‍റെ ജിയോ ടെക്‌നിക്കൽ കൺസൾട്ടന്‍റാണ് മാധവി
ഡൽഹി: ലോകത്തിലെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം ജമ്മുകശ്മീരിൽ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമിത പാലമാണ് ചെനാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ചെനാബിലൂടെ ആദ്യ തീവണ്ടി ഓടിത്തുടങ്ങിയപ്പോൾ ഏറ്റവുമധികം കേട്ട പേരാണ് ഡോ. ജി. മാധവി ലത ഗാലിയുടേത്. സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് പിന്നിൽ നെടുംതൂണായി നിന്നത് ജിയോടെക്നിക്കൽ കൺസൾട്ടന്‍റായ മാധവിയായിരുന്നു. മാധവിയെ അഭിനന്ദിച്ച് നിരവധി വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്നെ പുകഴ്ത്തുന്നവരോട് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മാധവി. ചെനാബ് പാലം നിര്‍മാണത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് താനെന്ന് ദയവായി ഓര്‍ക്കണമെന്ന് അവര്‍ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ എഴുതി.
പാലം നിർമിച്ച എഞ്ചിനീയറിംഗ് സ്ഥാപനമായ അഫ്‌കോൺസിന്‍റെ ജിയോ ടെക്‌നിക്കൽ കൺസൾട്ടന്‍റാണ് മാധവി. ആസൂത്രണത്തിന്റെയും രൂപകല്‍പനയുടെയും നിര്‍മാണത്തിന്‍റെയും എല്ലാ ക്രഡിറ്റും ഇന്ത്യന്‍ റെയില്‍വേയ്ക്കും അഫ്‌കോണ്‍സിനും അവകാശപ്പെട്ടതാണെന്നും അവര്‍ കുറിച്ചു. 'ദൗത്യത്തിന് പിന്നിലെ സ്ത്രീ', 'പാലം നിര്‍മിക്കാന്‍ അത്ഭുതങ്ങള്‍ ചെയ്തു' തുടങ്ങിയ എല്ലാ മാധ്യമ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്,' എന്നാണ് മാധവി ലതയുടെ ഭാഷ്യം.
എഞ്ചിനീയറിംഗ് അത്ഭുതത്തിന് പിന്നിലെ ഏക നായികയായി അവരെ ആഘോഷിക്കാന്‍ മാധ്യമ സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തിരക്കുകൂട്ടിയപ്പോള്‍ ലത അത് നിരസിക്കുകയായിരുന്നു. ആസൂത്രണത്തിന്റെയും രൂപകല്‍പ്പനയുടെയും നിര്‍മ്മാണത്തിന്‍റെയും എല്ലാ മഹത്വവും ഇന്ത്യന്‍ റെയില്‍വേയ്ക്കും അഫ്‌കേണ്‍സിനും അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യൻ ജിയോ ടെക്നിക്കൽ ജേണലിന്‍റെ പ്രത്യേക വനിതാ ലക്കത്തിൽ പ്രസിദ്ധീകരിച്ച 'ഡിസൈൻ ആസ് യു ഗോ: ദി കേസ് സ്റ്റഡി ഓഫ് ചെനാബ് റെയിൽവേ ബ്രിഡ്ജ്' എന്ന ലേഖനത്തിലും അവർ തന്‍റെ സാങ്കേതിക യാത്രയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് .
തന്‍റെ സംഭാവന, ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളില്‍ ചരിവ് സ്ഥിരത, അടിത്തറ രൂപകല്‍പന എന്നിവയുടെ പ്രത്യേക മേഖലയിലായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. നൂറുകണക്കിന് എഞ്ചിനീയര്‍മാരുടെയും തൊഴിലാളികളുടെയും പ്ലാനര്‍മാരുടെയും ഏകോപിത പരിശ്രമം നിരവധി വര്‍ഷങ്ങളായി ആവശ്യമായിരുന്ന പദ്ധതിയില്‍ നിര്‍ണായകവും എന്നാല്‍ ഉത്തരവാദിത്തമുള്ള പദ്ധതിയായിരുന്നു അത്. തങ്ങളുടെ പെണ്‍മക്കള്‍ എന്നെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് നിരവധി പിതാക്കന്മാര്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്- അവര്‍ എഴുതി. ഇപ്പോള്‍ നിരവധി കൊച്ചുകുട്ടികള്‍ സിവില്‍ എഞ്ചിനീയറിംഗ് അവരുടെ കരിയറായി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും അവര്‍ സംയമനം പാലം ആവശ്യപ്പെട്ടു. 'ദയവായി എന്നെ അനാവശ്യമായി പ്രശസ്തയാക്കരുത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
അസാധ്യമെന്ന് പലരും വിശേഷിപ്പിച്ച ഒരു ഉദ്യമം പൂര്‍ത്തിയാക്കിയതിന് റെയിൽവേയെയും അഫ്കോൺസിനെയും അവർ അഭിനന്ദിച്ചു.നിലവിൽ സ്പെയിനിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) പ്രൊഫസർ കൂടിയായ മാധവി.
ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്‌വരകളെ ബന്ധിപ്പിച്ചുകൊണ്ട് 1.10 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചെനാബ് നദിക്ക് മുകളിലൂടെ ഇന്ത്യൻ റെയിൽവേ പാലം നിർമിച്ചിരിക്കുന്നത്. ഒരു തൂണിൽ 96 കേബിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന പാലം കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ അഭിമാന പദ്ധതിയാണ്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഐഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ്. 110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് . എട്ടുവർഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നം കൊണ്ടാണ് പാലം യാഥാര്‍ഥ്യമാക്കിയത്. കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് അത്ഭുതമെന്നാണ് റെയില്‍വെ വിശേഷിപ്പിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഈ പാലത്തിന് സാധിക്കും.