Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: ചെന്നൈയിലെ ഒരു ഐടി കമ്പനി പത്താം വാർഷികാഘോഷത്തിൽ കേക്ക് മുറിക്കുക മാത്രമായിരുന്നില്ല ചെയ്തത്. പകരം കമ്പനിയിൽ ജോലി ചെയ്യുന്ന 25 ജീവനക്കാർക്ക് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി കാർ സമ്മാനമായി നൽകി. ചെന്നൈയിലെ ഐടി കമ്പനിയായ അജിലീസിയമാണ് ജീവനക്കാർക്ക് എസ്യുവി സമ്മാനമായി നൽകിയത്.
ആരംഭം മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന 25 ജീവനക്കാർക്കാണ് കമ്പനി ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവികൾ സമ്മാനമായി നൽകിയത്. ചെന്നൈയിലെ വേൾഡ് ട്രേഡ് സെൻ്ററിലുള്ള കമ്പനിയുടെ ഓഫീസിൽ വെച്ചായിരുന്നു പരിപാടികൾ. 500-ലധികം ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു. ജീവനക്കാരുടെയും പ്രകടനത്തെ അടിസ്ഥാനമാക്കി കമ്പനി ശമ്പള വർദ്ധനയും നൽകിയിട്ടുണ്ട്.
10 വർഷമായി ഞങ്ങളോടൊപ്പം പ്രവർത്തിച്ച ജീവനക്കാരെ ഞങ്ങൾ ആദരിച്ചു. അവർക്ക് എസ്‌യുവികൾ സമ്മാനമായി നൽകി. ഇത് അവരുടെ സേവനത്തിനുള്ള അംഗീകാരം മാത്രമല്ല, ഞങ്ങളുടെ കമ്പനിയുടെ സംസ്കാരത്തിൻ്റെ പ്രതീകം കൂടിയാണെന്ന് കമ്പനി ലിങ്ക്ഡ്-ഇന്നിൽ കുറിച്ചു.