ജസ്റ്റിസ് ബേല എം ത്രിവേദിക്ക് യാത്രയയപ്പ് നൽകാതെ സുപ്രിംകോടതി ബാർ അസോസിയേഷൻ; വിമർശിച്ച് ചീഫ് ജസ്റ്റിസ്
2004-2006 കാലത്ത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമ സെക്രട്ടറിയായിരുന്ന ജസ്റ്റിസ് ബേല എം ത്രിവേദിയെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2021ലാണ് സുപ്രിംകോടതി ജഡ്ജിയാക്കിയത്.
ന്യൂഡൽഹി: സുപ്രിംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബേല എം ത്രിവേദിക്ക് യാത്രയയപ്പ് നൽകാത്തതിൽ ബാർ അസോസിയേഷനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ബി.ആര് ഗവായി. വിരമിക്കുന്ന ജഡ്ജിമാർക്ക് അവരുടെ അവസാന പ്രവൃത്തിദിനത്തിൽ രാവിലെ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ആദരസൂചകമായി ആചാരപരമായ ബെഞ്ച് ചേരുകയും വൈകിട്ട് സുപ്രിംകോടതി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകുകയും ചെയ്യുന്നതാണ് പതിവ് രീതി. ജസ്റ്റിസ് ബേല എം ത്രിവേദിയുടെ അവസാന പ്രവൃത്തിദിനമായ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരുത്തി ആദരിച്ചെങ്കിലും ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകിയിരുന്നില്ല.
2004-2006 കാലത്ത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമ സെക്രട്ടറിയായിരുന്ന ജസ്റ്റിസ് ബേല എം ത്രിവേദിയെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2021ലാണ് സുപ്രിംകോടതി ജഡ്ജിയാക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ആദ്യ വനിതയാണ് ഇവർ.
ജസ്റ്റിസ് ബേല എം ത്രിവേദി ജൂൺ ഒമ്പതിനാണ് വിരമിക്കുന്നതെങ്കിലും വിദേശയാത്ര പോകുന്നതിനാൽ തിങ്കളാഴ്ച മുതൽ അവധിയിലാണ്. അവസാന പ്രവൃത്തിദിനമായ വെള്ളിയാഴ്ച ആചാരപരമായ ബെഞ്ച് ചേർന്ന് യാത്രയയപ്പ് നൽകിയപ്പോഴാണ് ബാർ അസോസിയേഷൻ തീരുമാനത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചത്. യാത്രയയപ്പ് നൽകണമായിരുന്നു എന്നാണ് തന്റെ നിലപാടെന്നും പാരമ്പര്യങ്ങൾ പിന്തുടരുകയും അവ ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കാൻ ജസ്റ്റിസ് ബേല എം ത്രിവേദി വിസമ്മതിച്ചിരുന്നു. ജാമ്യം അനുവദിക്കുന്നതിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന ജഡ്ജിയാണ് ബേല എം ത്രിവേദി. ജെഎൻയു വിദ്യാർഥി നേതാവായ നേതാവായ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതും ബേല എം ത്രിവേദിയുടെ ബെഞ്ചായിരുന്നു.