'പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണം'; സിസോദിയയുടെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നതുൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആശങ്കകൾ പ്രധാനമന്ത്രി പരിശോധിക്കണമെന്നും കത്തിലുണ്ട്

Update: 2023-03-07 07:56 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം:ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നത് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെയടക്കം കേന്ദ്ര ഏജൻസികളെ കൊണ്ട് നിയമക്കുരുക്കിൽ ഉൾപ്പെടുത്താനുള്ള നീക്കം കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിസോദിയയുടെ അറസ്റ്റ്. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണമെന്നും കത്തിലുണ്ട്. അന്വേഷണത്തോട് സിസോദിയ പൂർണമായി സഹകരിച്ചിരുന്നു. എന്നിട്ടും സിസോദിയയെ അറസ്റ്റ് ചെയ്ത സി ബി ഐ നടപടി കേന്ദ്ര ഏജൻസികൾക്കെതിരായ വിമർശനം ശരിവെക്കുന്ന തരത്തിലാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച അദ്ദേഹം ഡൽഹി മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സിസോദിയ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.

2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ലഫ്. ഗവർണർ വി.കെ സക്‌സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു.




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News