'ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി'; മോദിക്കെതിരെ കോൺഗ്രസ്
അമേരിക്കൻ തീരുമാനം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി വീമ്പിളക്കൽ നിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചു
ന്യൂഡൽഹി: എച്ച്1ബി വിസകളുടെ ഫീസ് വർധിപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ആവർത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
2017ലെ എക്‌സ് പോസ്റ്റ് വീണ്ടും ഉയർത്തിയാണ് രാഹുലിന്റെ പ്രതികരണം. ഡൊണാൾഡ് ട്രംപ് ആദ്യമായി അധികാരമേറ്റതിന് പിന്നാലെ മോദിയുമായി നടത്തിയ ചർച്ചയിൽ എച്ച്1ബി വിസയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചില്ലെന്നതിനെ വിമർശിക്കുന്നതായിരുന്നു പോസ്റ്റ്. അമേരിക്കൻ തീരുമാനം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി വീമ്പിളക്കൽ നിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിഹസിച്ചു.
അമേരിക്ക ഇന്ത്യയോട് മനഃപൂർവ്വം ശത്രുത തീർക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും കുറ്റപ്പെടുത്തി. 2017ൽ രാഹുൽ ഗാന്ധി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്ന് കോൺഗ്രസ് വാക്താവ് പവൻ ഖേരയും പ്രതികരിച്ചു.
വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കിയ നടപടി ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടിയാണ്. ഒരു ലക്ഷം ഡോളറാക്കിയാണ് എച്ച്1ബി വിസാ ഫീസ് വർധിപ്പിച്ചത്. അപേക്ഷകരെ സ്‌പോൺസർ ചെയ്യുന്നതിന് കമ്പനികൾ 88 ലക്ഷത്തോളം രൂപയാണ് ഇനി നൽകേണ്ടത്. അമേരിക്കയുടെ ജോലി തട്ടിയെടുക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്.