ഭീഷണിയുടെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടില്ല: രാഹുല്‍ ഗാന്ധി
കെ സുധാകരനെതിരായ കേസിലാണ് രാഹുലിന്‍റെ പ്രതികരണം
ഡല്‍ഹി: ഭീഷണിയുടെയും പ്രതികാരത്തിന്‍റെയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ കേസിലാണ് രാഹുലിന്‍റെ പ്രതികരണം.
കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവർ ചർച്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ഇരുനേതാക്കളും ധരിപ്പിച്ചു. ഹൈക്കമാൻഡ് നേതാക്കൾക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നൽകി.
ദേശീയ നേതൃത്വവുമായുള്ള പതിവ് കൂടിക്കാഴ്ച എന്നാണ് ഡൽഹി സന്ദർശനത്തെ കുറിച്ച് കെ.സുധാകരനും വി.ഡി സതീശനും പറഞ്ഞത്. എന്നാൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾക്കൊപ്പം മോൻസനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കെ.സുധാകരനെ അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബോധ്യപ്പെട്ട ഹൈക്കമാൻഡ് പൂർണ പിന്തുണ ഉറപ്പ് നൽകിയതായി ജൻപഥ് പത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും വ്യക്തമാക്കി. 15 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും പങ്കെടുത്തു.