ഇന്ത്യാ-പാക് സംഘർഷം; നിലപാട് വിശദീകരിക്കാനുള്ള സംഘത്തിലേക്ക് തരൂരിന്‍റെ പേര് നിർദേശിക്കാതെ കോൺഗ്രസ്
ആനന്ദ് ശർമ്മ,ഗൗരവ് ഗൊഗോയ്,സയ്യിദ് നസീർ ഹുസൈൻ,രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്
ഡൽഹി: പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള വിദേശയാത്രാസംഘത്തിൽ തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത് കോൺഗ്രസ് നൽകിയ പേരുകൾ വെട്ടി. ആനന്ദ് ശർമ്മ,ഗൗരവ് ഗൊഗോയ്,സയ്യിദ് നസീർ ഹുസൈൻ,രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. ഇത് പരിഗണിക്കാതെയാണ് ശശി തരൂരിനെ ഉൾപ്പെടുത്തിയത്.കോൺഗ്രസ് നൽകിയ പേരുകൾ ജയ്റാം രമേശ് പുറത്തുവിട്ടു.
തരൂരിനെ പ്രതിനിധിയായി തെരഞ്ഞെടുത്തതിനെ കെപിസിസി സ്വാഗതം ചെയ്തു. രാജ്യത്തിന്‍റെ നിലപാട് അവതരിപ്പിക്കാൻ തരൂരിന് കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ നിലപാട് ഇന്ത്യൻ പ്രതിനിധി സംഘം വിശദീകരിക്കും. കോൺഗ്രസ്, ഡിഎംകെ , സിപിഎം,ടിഎംസി, എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളാണ് സംഘത്തിൽ ഉണ്ടാവുക. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് പ്രധാനമായും സംഘം എത്തുക. ഒരു പ്രതിനിധി സംഘത്തെ ശശി തരൂരാണ് നയിക്കുക. ജെഡിയുവിന്‍റെ സഞ്ജയ് ഝാ, ബിജെഡിയുടെ സസ്മിത് പത്ര, സിപിഎമ്മിന്‍റെ ജോൺ ബ്രിട്ടാസ്, ശിവസേന ഉദ്ധവ് വിഭാഗം പ്രിയങ്ക ചതുർവേദി, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കെ. കനിമൊഴി, എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി, എഎപിയുടെ വിക്രംജിത് സാഹ്നി എന്നിവരുമായി പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു സംസാരിച്ചിട്ടുണ്ട്.
ശശി തരൂരിന് പുറമേ ജോൺ ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ കണ്ടത് ട്രയൽ മാത്രമെന്നും ഭീകരവാദത്തിനെതിരെ പോരാടുക എന്നത് ഇന്ത്യയുടെ ദൃഢപ്രതിജ്ഞയെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്താൻ നിലപാടിനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നത്.