'രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർന്നു'; ഗസ്സ യുഎന്‍ പ്രമേയത്തില്‍ നിന്നും വിട്ടുനിന്ന നടപടിയില്‍ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്
ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്.
ന്യൂഡല്‍ഹി: ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യുഎൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയര്‍ത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.
''ഗസ്സയില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്‌ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്.
അക്രമങ്ങളാല്‍ ഗസ്സ വലയുമ്പോള്‍ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സര്‍ക്കാര്‍ മനസിലാക്കണം''- കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.