ജഹാംഗീര്‍പുരിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു

പൊലീസും നേതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജനങ്ങളെ കണ്ടേ മടങ്ങൂവെന്ന് നേതാക്കള്‍

Update: 2022-04-21 07:20 GMT

ഡല്‍ഹി: ജഹാംഗീര്‍പുരി സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. അജയ് മാക്കന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘമെത്തിയത്. പൊലീസും നേതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജനങ്ങളെ കണ്ടേ മടങ്ങൂവെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നേരത്തെ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞിരുന്നു. ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി ഉത്തരവിട്ടപ്പോള്‍ ജനങ്ങളുടെ പ്രതികരണമെടുക്കാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടം പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി അംഗീകരിക്കാനാകില്ല. എന്താണ് നടക്കുന്നത് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

Advertising
Advertising

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.

ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ കേസില്‍ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ടും സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില്‍ എത്തി, അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News