അസമിൽ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് കോൺഗ്രസ് എംപി റാഖിബുൽ ഹുസൈന് നേരെ ആക്രമണം

പാർട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് മുഖംമൂടി ധരിച്ച സംഘം അക്രമിച്ചത്

Update: 2025-02-20 17:09 GMT
Editor : rishad | By : Web Desk

ഗുവാഹത്തി: അസമില്‍ കോൺഗ്രസ്‌ എംപി റാഖിബുല്‍ ഹുസൈന് നേരെ ആക്രമണം. രൂപഹിഹാട്ടിലെ നാതുൻ ബസാറില്‍ ഇന്ന്(വ്യാഴാഴ്ച) ഉച്ച കഴിഞ്ഞാണ് സംഭവം. പാർട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് മുഖംമൂടി ധരിച്ച സംഘം അക്രമിച്ചത്.

ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് എംപിയുടെ തലക്കടിക്കുകയായിരുന്നു. എംപിയുടെ മകനും സുരക്ഷ ഉദ്യോഗസ്ഥനും അക്രമത്തില്‍ പരിക്കേറ്റു. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.  അക്രമികളിൽ ഒരാൾ റാഖിബുൾ ഹുസൈനെ ബാറ്റ് കൊണ്ട് അടിക്കുന്നത് വ്യക്തമായി കാണാം.

Advertising
Advertising

പിന്നീട് അക്രമി സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കറുത്ത തുണികൊണ്ട് മുഖം മറച്ചാണ് ഇവര്‍ എത്തിയിരുന്നത്. അക്രമികളെ പിരിച്ചുവിടാന്‍ എംപിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംപിക്ക് നേരെയുള്ള ആക്രമണത്തില്‍ ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി.

സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകി പറഞ്ഞു. 'സംസ്ഥാനത്തെ ക്രമസമാധാനനില മികച്ചതാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിക്കുന്നത്. എന്നാൽ ഒരു എംപി പോലും തെരുവിൽ സുരക്ഷിതനല്ല. എങ്ങനെയാണ് ഒരു എംപിയെ ഇങ്ങനെ അക്രമിക്കാൻ കഴിഞ്ഞത്, സമഗ്രമായ അന്വേഷണം വേണം'- ദേബബ്രത സൈകി വ്യക്തമാക്കി.

അതേസമയം എംപി സുരക്ഷിതനാണെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഹർമീത് സിംഗ് പറഞ്ഞു. ദ്രുബ്രി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 10 ലക്ഷം വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഹുസൈൻ വിജയിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News