സച്ചിൻ പൈലറ്റിന് പ്രവർത്തക സമിതി അംഗത്വം വാഗ്ദാനം ചെയ്ത് അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു

Update: 2023-04-16 03:25 GMT

സച്ചിന്‍ പൈലറ്റ്

Advertising

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗത്വമാണ് സച്ചിനുള്ള വാഗ്ദാനം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന പ്രവർത്തക സമിതി പുനഃസംഘടനയിൽ അംഗമാക്കി പാർട്ടിയിൽ സുപ്രധാന റോൾ നൽകാമെന്നാണ് നേതാക്കൾ സച്ചിൻ പൈലറ്റിനെ അറിയിച്ചത്. രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത് . ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിൽ കോൺഗ്രസിന് ഭരണതുടർച്ച ഉറപ്പു വരുത്തേണ്ടത് സച്ചിൻ പൈലറ്റിന്റെ കൂടി ഉത്തരവാദിത്വമാന്നെന്നു നേതാക്കളായ കെ.സി വേണുഗോപാലും കമൽനാഥും സച്ചിനെ ബോധ്യപ്പെടുത്തി.

ബി.ജെ.പി മന്ത്രിസഭയുടെ കാലത്തെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണമാണ് താൻ ആവശ്യപ്പെട്ടതെന്നും സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്ക് പോലും ഇതുവരെ ഉരിയാടിയിട്ടില്ലെന്നും സച്ചിൻ പൈലറ്റ് അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പി.സി.സി അധ്യക്ഷനായിരുന്ന സച്ചിന്റെ നേതൃത്വത്തിലാണ് വിജയിച്ചത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ഹൈക്കമാൻഡ് നിർദേശം ഉണ്ടായിരുന്നിട്ട് പോലും അംഗീകരിക്കാതിരുന്ന അശോക് ഗെഹ്ലോട്ട് ആണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതെന്നാണ് സച്ചിന്റെ പക്ഷം.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിനെ മുൻനിർത്തി നേരിടാനാണ് കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതിയിൽ അംഗമാകുന്നതോടെ രാജസ്ഥാൻ പോരാട്ടത്തിലും നിർണായക തീരുമാനമെടുക്കാൻ സച്ചിന് അവസരം ഉണ്ടാകുമെന്നാണ് നേതാക്കൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News