ബെംഗളൂരു: കർണാടകയിലെ ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ കോട്ടയായി അറിയപ്പെടുന്ന തീരദേശ മേഖലയിലേക്ക് കടന്നുകയറാൻ തന്ത്രങ്ങളൊരുക്കി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, കർണാടക സർക്കാരിന്റെ നിർണായക മന്ത്രിസഭാ യോഗം സെപ്റ്റംബർ 18-ന് മംഗളൂരുവിൽ ചേരാൻ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന മന്ത്രിസഭയുടെ സമ്പൂർണ യോഗത്തിന് ദക്ഷിണ കന്നഡ ജില്ല വേദിയാകുന്നത്.
തലസ്ഥാനമായ ബെംഗളൂരുവിന് പുറത്തേക്ക് ഭരണകേന്ദ്രത്തെ എത്തിക്കുക എന്നതിലുപരി, മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ കുത്തകയായി തുടരുന്ന തീരദേശ മേഖലയിൽ വിള്ളലുണ്ടാക്കുക എന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ ഉൾപ്പെടുന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ 11-ലും നിലവിൽ ബിജെപിയാണ് വിജയിച്ചിട്ടുള്ളത്.
തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെടുന്ന തീരദേശ കർണാടകയിൽ, പ്രത്യയശാസ്ത്ര ഏറ്റുമുട്ടലുകൾക്ക് പകരം വികസന കാർഡിറക്കാനാണ് ഡി.കെ ശിവകുമാറിന്റെ നീക്കം. തീരദേശ ജില്ലകൾക്കായി സമഗ്ര ടൂറിസം നയം നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 'ബ്രാൻഡ് കരവാലി' എന്ന പേരിൽ 1,260 കോടി രൂപയുടെ പദ്ധതിരേഖയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
തീരദേശത്തെ അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ എന്നിവ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളിൽ നിന്നുള്ള വികസന നിർദേശങ്ങൾ സെപ്റ്റംബർ 18-ലെ കാബിനറ്റ് യോഗത്തിൽ പരിഗണിക്കും.
മുഖ്യമന്ത്രി പദവിയിൽ 100 ദിവസം പൂർത്തിയാക്കിയ ഡി.കെ ശിവകുമാർ, തന്റെ നേതൃത്വത്തിൽ കോൺഗ്രസിന് പുതിയ രാഷ്ട്രീയ അടിത്തറ രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള 'അഹിന്ദ' (ന്യൂനപക്ഷ-പിന്നാക്ക-ദലിത്) സമവാക്യങ്ങൾക്കൊപ്പം, ലിംഗായത്ത് വോട്ടുകളും പരമ്പരാഗതമായി ബിജെപിക്കൊപ്പം നിൽക്കുന്ന തീരദേശ ഹിന്ദു വോട്ടുകളും അനുകൂലമാക്കുകയാണ് ലക്ഷ്യം.
തീരദേശ മേഖലയിലെ ബിജെപി എംഎൽഎമാർക്കെതിരായ ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്താനും വോട്ടുകൾ പിളർത്തി സീറ്റുകൾ പിടിച്ചെടുക്കാനും സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.