ബംഗാളിലെ കൂച്ച് ബെഹാര്‍ സ്വദേശിക്ക് അസ്സമിൽ നിന്നും എൻആര്‍സി നോട്ടീസ്; ബിജെപിയുടെ അപകടകരമായ അജണ്ടയെന്ന് മമത ബാനര്‍ജി

ബ്രജ്ബാസിയോട് ജൂലൈ 15-നകം പൗരത്വം തെളിയിക്കുകയോ അനധികൃത കുടിയേറ്റക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2025-07-08 08:01 GMT
Editor : Jaisy Thomas | By : Web Desk

കൂച്ച് ബെഹാര്‍: ബംഗാളിലെ കൂച്ച് ബെഹാര്‍ സ്വദേശിയായ 50കാരന് അസ്സം സര്‍ക്കാര്‍ എൻആര്‍സി നോട്ടീസ് നൽകിയത് സംസ്ഥാനത്ത് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കൂച്ച് ബെഹാര്‍ ദിൻഹട്ട സബ് ഡിവിഷനിലെ ചൗധരി ഹാട്ടിലെ സാഡിയാലിലെ കുത്തി പ്രദേശത്ത് താമസിക്കുന്ന ഉത്തം കുമാർ ബ്രജ്ബാസിക്കാണ് നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരനായി മുദ്രകുത്തി അസം സർക്കാർ നോട്ടീസ് നൽകിയത്.

ബംഗാളിൽ വേരുകളുള്ള വര്‍ഷങ്ങളായി കൂച്ച് ബെഹാറിൽ താമസിക്കുന്ന ബ്രജ്ബാസിയോട് ജൂലൈ 15-നകം പൗരത്വം തെളിയിക്കുകയോ അനധികൃത കുടിയേറ്റക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1966 നും 1971 നും ഇടയിൽ അസ്സം അതിർത്തി വഴി ബ്രജ്ബാസി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും പൊലീസ് പരിശോധനാ സമയത്ത് സാധുവായ രേഖകൾ ഹാജരാക്കിയില്ലെന്നും നോട്ടീസിൽ ആരോപിക്കുന്നു. നടപടി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികൾ ഇത് ഏറ്റെടുക്കുകയും ചെയ്തു.

Advertising
Advertising

“കഴിഞ്ഞ വർഷം ജനുവരിയിൽ, എൻആർസിയുമായി ബന്ധപ്പെട്ട ഒരു കത്ത് പൊലീസ് എന്‍റെ വീട്ടിൽ എത്തിച്ചു. അസ്സം സർക്കാർ എന്നെ അനധികൃത കുടിയേറ്റക്കാരനാണെന്ന് മുദ്ര കുത്തിയതായി മനസിലാക്കി. ഇത് തീർത്തും തെറ്റാണ് - ഞാൻ ഒരിക്കലും കൂച്ച് ബെഹാർ വിട്ടിട്ടില്ല.” ഉത്തംകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബ്രജ്ബാസിയുടെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന നിർണായക രേഖകൾ അസ്സം സർക്കാർ നിരസിച്ചതായും 1966 മുതൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിന്‍റെ തെളിവ് ആവശ്യപ്പെടുന്നതായും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അപൂര്‍വ സിൻഹ അറിയിച്ചു.

ദേശീയ പൗരത്വ രജിസ്റ്റർ (NRC), പൗരത്വ (ഭേദഗതി) നിയമം (CAA) എന്നിവയ്‌ക്കെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുള്ള ആളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ പ്രധാന ലക്ഷ്യമാക്കി പിൻവാതിലിലൂടെ എൻആര്‍സി നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. 50 വര്‍ഷമായി കൂച്ച് ബെഹാറിൽ താമസിക്കുന്ന ബ്രജ്ബാസിക്ക് അസ്സമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ എൻആര്‍സി നോട്ടീസ് അയച്ചെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും അസ്വസ്ഥയായെന്നും മമത എക്സിൽ കുറിച്ചു. സാധുവായ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടും വിദേശി/നിയമവിരുദ്ധ കുടിയേറ്റക്കാരൻ എന്ന സംശയത്തിന്‍റെ പേരിൽ അദ്ദേഹത്തെ ഉപദ്രവിക്കുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ''ഇത് ജനാധിപത്യത്തിനു നേരെയുള്ള ഒരു വ്യവസ്ഥാപിത ആക്രമണത്തിൽ കുറഞ്ഞതല്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഭീഷണിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ലക്ഷ്യം വയ്ക്കാനുമുള്ള ഒരു ആസൂത്രിത ശ്രമം നടക്കുന്നു.ഭരണഘടനാ വിരുദ്ധമായ ഈ അതിക്രമണം ജനവിരുദ്ധമാണ്, കൂടാതെ ജനാധിപത്യ സുരക്ഷാ സംവിധാനങ്ങളെ തകർക്കാനും ബംഗാളിലെ ജനങ്ങളുടെ ഐഡന്റിറ്റി ഇല്ലാതാക്കാനുമുള്ള ബിജെപിയുടെ അപകടകരമായ അജണ്ടയെ തുറന്നുകാട്ടുകയും ചെയ്യുന്നു.

ബിജെപിയുടെ വിഭജനപരവും അടിച്ചമർത്തുന്നതുമായ യന്ത്രങ്ങൾക്കെതിരെ നിലകൊള്ളാൻ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും അടിയന്തര ഐക്യം ഈ ആശങ്കാജനകമായ സാഹചര്യത്തിൽ ആവശ്യമാണ്. ഇന്ത്യയുടെ ഭരണഘടന ഘടന കീറിമുറിക്കപ്പെടുമ്പോൾ ബംഗാൾ മാറിനിൽക്കില്ല'' മമത വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News