അഴിമതി സൂചിക: 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93ാമത്

2022ൽ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു

Update: 2024-01-30 14:17 GMT
Advertising

ന്യൂഡൽഹി: അഴിമതി ധാരണാ സൂചികയിൽ (കറപ്ഷൻ പേർസപ്ഷൻസ് ഇൻഡക്‌സ് 2023)ൽ ഇന്ത്യ 93ാം സ്ഥാനത്ത്. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഈ സ്ഥാനം സ്വീകരിക്കേണ്ടി വന്നത്. ട്രാൻസ്പരൻസി ഇൻറർനാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്. വിദഗ്ധരുടെയും വ്യവസായികളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമേഖലയിലെ അഴിമതി സൂചിപ്പിക്കുന്നതാണ് പട്ടിക. പൂജ്യം മുതൽ 100വരെയുള്ള സ്‌കെയിലിൽ പൂജ്യം ഏറ്റവും കടുത്ത അഴിമതിയും 100 അഴിമതിയില്ലായ്മയെയും സൂചിപ്പിക്കുന്നു. 2022ൽ 40 സ്‌കോർ നേടിയ ഇന്ത്യ 2023ൽ 39 ലേക്ക് കുറഞ്ഞു. 2022ൽ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു. മാലദീപ്, കസാക്കിസ്ഥാൻ, ലെസോതോ എന്നീ രാജ്യങ്ങളും 39 സ്‌കോറുമായി ഇന്ത്യക്കൊപ്പം 93ാം സ്ഥാനത്തുണ്ട്.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, മൗലികാവകാശങ്ങൾക്ക് 'ഗുരുതരമായ ഭീഷണി' ആയേക്കാവുന്ന (ടെലികമ്മ്യൂണിക്കേഷൻ) ബിൽ പാസാക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ പൗരന്മാരുടെ ഇടം കൂടുതൽ സങ്കുചിമാക്കുന്നതായി റിപ്പോർട്ട് പറഞ്ഞു.

100ൽ 90 സ്‌കോർ നേടിയ ഡെന്മാർക്കാണ് പട്ടികയിൽ ഒന്നാമത്. 87 സ്‌കോറുള്ള ഫിൻലൻഡ് രണ്ടാമതും 85 സ്‌കോർ നേടിയ ന്യൂസിലൻഡ് മൂന്നാമതുമാണ്. 84 സ്‌കോറുമായി നോർവേ നാലാമത്, 83 സ്‌കോറുമായി സിംഗപ്പൂർ അഞ്ചാമത്, 82 സ്‌കോറുമായ സ്വീഡനും സ്വിറ്റ്‌സർലൻഡും ആറാമത്, 79 സ്‌കോറുമായി നെതർലൻഡ് എട്ടാമത്, 78 സ്‌കോറുമായി ജർമനിയും ലക്‌സംബർഗും ഒമ്പതാമത് എന്നിങ്ങനെയാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങൾ.

11 സ്‌കോറുമായി സോമാലിയയാണ് 180 രാജ്യങ്ങളുള്ള പട്ടികയിൽ ഏറ്റവും ഒടുവിലുള്ളത്. 13 സ്‌കോറുമായി വെനിസ്വേല, സിറിയ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങൾ 177ാം സ്ഥാനത്താണ്. 16 സ്‌കോറുമായി യമൻ 176മതും 17 സ്‌കോറുമായി നോർത്ത് കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ 172മതുമാണ്. ദക്ഷിണേഷ്യയിലെ രാജ്യങ്ങളായ പാകിസ്താൻ 133 മതും ശ്രീലങ്ക 115ാമതുമാണ് സ്ഥാനം നേടിയത്. സാമ്പത്തിക -രാഷ്ട്രീയ അനിശ്ചിതത്വമാണ് ഈ രാജ്യങ്ങൾക്ക് വിനയായത്. 24 സ്‌കോറുമായി ബംഗ്ലാദേശ് 149ാമതും 20 സ്‌കോറുമായി മ്യാൻമർ 162ാമതുമാണ്. 35 സ്‌കോറുമായ നേപ്പാൾ 108ാമതും 42 സ്‌കോറുമായി ചൈന 76ാമതുമാണ്.

Corruption perceptions index: India ranks 93rd in the list of 180 countries

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News